മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- മുല്ലപ്പെരിയാർ ഡാമിൽ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു കത്ത് അയച്ചു. ഡാം സൈറ്റിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകൾ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ തമിഴ്നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സര്‍ക്കാരിന്‍റെ അഭിപ്രായം. 2021 നവംബര്‍ 30ന് വണ്ടിപെരിയാര്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയര്‍ന്ന ജല നിരപ്പും ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 5700 ക്യൂസെക്സ് എന്ന തോതില്‍ ഷട്ടള്‍ തുറന്നതാണ് ജല നിരപ്പ് ഉയരാന്‍ കാരണമായത്. പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണ്.
അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തെ അതിജീവിച്ച തമിഴ്നാട് സര്‍ക്കാരിനും ജനങ്ങള്‍ക്കും കേരളത്തിൻ്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനത്തിലും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തര ഫലങ്ങള്‍ ചര്‍ച്ചചെയ്യുകയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യാൻ തമിഴ്നാടും കേരളവും ഒരുമിച്ച് പരിശ്രമിക്കേണ്ടതാണ്. അതിനാവശ്യമായ മുൻകൈ എടുക്കാൻ കേരളം ശ്രമിക്കും.