കൊച്ചി > കോവിഡ് നിയന്ത്രണങ്ങളാല് അടഞ്ഞുകിടന്ന തിയറ്ററുകള്ക്ക് പുത്തനുണര്വായി ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്: അറബിക്കടലിന്റെ സിംഹം’. മോഹന്ലാല് – പ്രിയദര്ശന് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ച് ഭാഷകളിലിറങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദര്ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകള് ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളില് 626ലും ‘മരക്കാര്’ പ്രദര്ശിപ്പിക്കുന്നുണ്ട്.
വര്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് മരക്കാര് തിയറ്ററുകളില് എത്തിയത്. റിലീസിനു മുന്പേ തന്നെ ചിത്രം 100 കോടി ക്ലബില് ഇടംനേടിയിരുന്നു. റിസര്വേഷനിലൂടെ മാത്രമാണ് ഈ നേട്ടം. ഈ റെക്കോര്ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന് ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്ത്തകര് അവകാശപ്പെടുന്നു. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് നിര്മാണം. പ്രണവ് മോഹന്ലാല്, അര്ജുന്, സുനില് ഷെട്ടി, പ്രഭു, മഞ്ജു വാര്യര്, സുഹാസിനി, കല്യാണി പ്രിയദര്ശന്, ഫാസില്, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന് താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
ചിത്രം ആറ് ദേശീയ പുരസ്കാരങ്ങള് കരസ്ഥമാക്കിയിട്ടുണ്ട്.