ഇടുക്കി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. വിഷയത്തിൽ മുഖ്യമന്ത്രിതമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.മേൽനോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രിയിൽ പത്ത് ഷട്ടറുകൾ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളിൽ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളിൽ വെള്ളം കയറാനും ഇടയാക്കിയത്. പെരിയാർ തീരപ്രദേശ വാസികൾ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയിൽ കൊല്ലം-ഡിണ്ടിഗൽ ദേശീയ പാത ഉപരോധിക്കുകയാണ്.
രാത്രികാലത്ത് അറിയിപ്പില്ലാതെ ഷട്ടർ തുറന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തമിഴ്നാടിന്റെ ഇത്തരം നടപടി ഒരു സർക്കാരിൽനിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. തമിഴ്നാടിനോട് ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ഷട്ടറുകൾ പൂർണമായും അടച്ചിരുന്നു. എന്നാൽ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്.നിലവിൽ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. 60 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പിന്നീട് ഇത് മുപ്പത് സെന്റീമീറ്ററായി കുറച്ചു.
ആദ്യം തുറക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് 2.30ന് തുറന്നതിന് ശേഷം 2.44ന് ആണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും 10 വരെയുള്ള ഷട്ടറുകൾ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണെന്നും മന്ത്രി പറഞ്ഞു. സെക്കൻഡിൽ8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയിൽ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.
Content Highlights:Protest against Tamil Nadu for opening Mullapperiyar shutters without warning