കണ്ണൂർ: കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം നടന്നതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകരന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നുവരികയാണ്. ഇതിനിടെ തിരിച്ചറിയൽ കാർഡ് വാങ്ങാൻ വന്ന അഞ്ചുപേരാണ് മമ്പറം ദിവാകരനെ അക്രമിച്ചത്.
സാജിദ്, ഫൈസൽ, സന്ദീപ് തുടങ്ങിയ അഞ്ചുപേർക്കെതിരെയാണ് കേസുള്ളത്. ഇവർ കോൺഗ്രസുകരാണോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി നിരന്തരം കൊമ്പുകോർത്തിരുന്ന മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ രണ്ടു ദിവസം മുമ്പാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നിലവിലെ ചെയർമാനാണ് മമ്പറം ദിവാകരൻ.