മലയാളികളുടെ മദ്യപാനശീലം ചർച്ചയായ ‘വെള്ള’ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ സ്വീകരിക്കുന്നതിന് തൊട്ടുമുമ്പാണ് തൃശൂർ ഇരിഞ്ഞാലക്കുടയിൽ
. വ്യാജമദ്യമോ മെഥനോളോ ആവാം മരണകാരണമെന്നാണ് അധികൃതർ ആദ്യം കരുതിയത്. പക്ഷേ, ഫോർമാലിനാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്.
ഫോർമാലിൻ അബദ്ധത്തിൽ കഴിച്ചതാണോ?, ബോധപൂർവം നൽകിയതാണോ? തുടങ്ങിയ കാര്യങ്ങളിൽ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചാരായത്തിൽ ഫോർമാലിൻ കലക്കിയാൽ വീര്യം കൂടുമോയെന്ന് മരിച്ച ബിജുവിനോടും നിശാന്തിനോടും ആരെങ്കിലും പറഞ്ഞിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫോർമാലിന് അതിരൂക്ഷമായ ഗന്ധമാണുള്ളതെന്നും ബോധപൂർവ്വം അത് കഴിക്കുന്ന കാര്യം ആലോചിക്കാൻ കഴിയില്ലെന്നും കേരളത്തിലെ മുതിർന്ന ഫോറൻസിക് സർജൻമാരിലൊരാൾ സമയം മലയാളം പ്ലസിനോട് പറഞ്ഞു. ഫോർമാലിന്റെ സമീപത്ത് ചെല്ലുന്നതു പോലും കണ്ണെരിച്ചിലിനും ശ്വാസതടസത്തിനും കാരണമാവാം.
”ആശുപത്രികൾക്ക് ലഭിക്കുന്ന ഫോർമാലിന്റെ ഗാഢത 40 ശതമാനമായിരിക്കും. അതിനെ പത്ത് ശതമാനമാക്കി നേർപ്പിച്ചാണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്. ബയോപ്‌സിക്കും മറ്റു കാര്യങ്ങൾക്കുമായി ശേഖരിക്കുന്ന ശരീരകോശങ്ങൾ സൂക്ഷിക്കാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ ആന്തരിക അവയവങ്ങൾ പാത്തോളജി പരിശോധനക്കായി ശേഖരിച്ച് അയക്കുമ്പോഴും ഫോർമാലിൻ ഉപയോഗിക്കും. മൃതദേഹം എംബാം ചെയ്യുമ്പോഴും ഡോക്ടർമാർ ഫോർമാലിൻ ഉപയോഗിക്കുന്നു. മെഡിക്കൽ വിദ്യാർഥികൾക്കും ശാസ്ത്ര വിദ്യാർഥികൾക്കും പഠിക്കാൻ മനുഷ്യരുടെയും മറ്റു ജീവികളുടെയും മൃതശരീരങ്ങളും ശരീരഭാഗങ്ങളും സൂക്ഷിക്കാനും ഫോർമാലിൻ ഉപയോഗിക്കാറുണ്ട്. ശാസ്ത്ര എക്‌സിബിഷനുകളിൽ നിങ്ങൾ കാണുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോർമാലിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.”–ഫോറൻസിക് സർജൻ പറയുന്നു.
മനുഷ്യന് വിഷപദാർത്ഥമായ ഫോർമാലിൻ കോശങ്ങളെ ദൃഡമാക്കുകയാണ് ചെയ്യുക. ഫോർമാലിന്റെ ഈ ‘സംരക്ഷണ സ്വഭാവം’ മൽസ്യം ചീയാതിരിക്കാൻ ചില കുടിലബുദ്ധികൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോർമാലിൻ വിൽപ്പന തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നാണ് സ്റ്റേറ്റ് ഡ്രഗ് കൺട്രോൾ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ സമയം മലയാളത്തോട് പറഞ്ഞത്. പക്ഷെ, നിരവധി വ്യവസായങ്ങളിൽ ഫോർമാൽഡിഹൈഡ് ഉപയോഗിക്കുന്നുണ്ട്.
മനുഷ്യരും ഫോർമാലിനും
37 ശതമാനം ഗാഢതയുള്ള ഫോർമാലിൻ 30 മില്ലി ലിറ്റർ അകത്ത് ചെന്നാൽ തന്നെ മനുഷ്യർ മരിക്കും. ശരീരത്തിൽ ഫോർമാലിൻ സ്പർശിക്കുന്ന ഭാഗത്തെ കോശങ്ങളെല്ലാം ദൃഡമാവും. ഓക്കാനം, ഛർദ്ദി, വേദന, രക്തസ്രാവം, ആന്തരിക അവയവങ്ങളിൽ തുള എന്നിവയും ഉണ്ടാവും. വൃക്കയുടെ പ്രവർത്തനങ്ങൾ തകരാറിലാക്കാനും ഫോർമാലിന് കഴിയും. ഫോർമാലിന് മനുഷ്യരിൽ കാൻസറിന് കാരണമാവുമെന്നാണ് ലോകാരോഗ്യസംഘടനക്ക് കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പറയുന്നത്.
ഫോർമാലിനും മീനും
മനുഷ്യർക്ക് ഏറെ അപകടകാരികളായ ഫോർമാലിൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കരുതെന്നാണ് 2011ലെ ഫുഡ്് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് റെഗുലേഷൻ പറയുന്നത്. പക്ഷെ, മൽസ്യത്തിൽ ഫോർമാലിൻ ചേർക്കൽ വളരെ വ്യാപകമാണ്. കൊല്ലം ആര്യങ്കാവിൽ നിന്ന് ഫോർമാലിൻ കലർത്തിയ 9.5 ടൺ മൽസ്യം 2018ൽ പിടിച്ചെടുത്തത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
പഴകിയ മൽസ്യം ചീയാതെയും രൂപം മാറാതെയുമിരിക്കാൻ ഫോർമാലിൻ സഹായിക്കുമെന്നതു കൊണ്ടാണ് ചില വ്യാപാരികൾ ക്രൂരകൃത്യം ചെയ്യുന്നത്. കേരളത്തിൽ നിന്ന് ഫോർമാലിൻ കലർന്ന നിരവധി ടൺ മൽസ്യം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൽസ്യത്തിൽ ഫോർമാലിൻ ഉണ്ടോ എന്നറിയാനുള്ള കിറ്റുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
കേടായ മൽസ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മൽസ്യത്തിൽ വരുന്ന മാറ്റം മനസിലാക്കാൻ സാധാരണക്കാർക്കും സാധിക്കും. മൽസ്യത്തിന്റെ കണ്ണിന്റെ സ്വാഭാവിക നിറം മാറും, സ്വാഭാവിക മണം നഷ്ടപ്പെടും, ചെതുമ്പലിന്റെ നിറം മാറും, മൽസ്യത്തിന് കട്ടി കൂടും എന്നിവയാണ് പൊതുലക്ഷണങ്ങൾ.
****