കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരിക്കാൻ കഴിയാത്തതിന് കാരണം തന്റെ ജാതിയാണെന്നും ജാതിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും ചെയർപേഴ്സൺ അജിത തങ്കപ്പൻ. അജിത ബീഗമോ, അജിതാ സ്റ്റാൻലിയോ, അജിതാ നായരോ ആയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ചെയർപേഴ്സന്റെ മുറിയുടെ പൂട്ടു നന്നാക്കാൻ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലുണ്ടായത്. ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉൾപ്പെടെ ആറ് കൗൺസിലർമാർക്ക് പരിക്കേൽക്കുകയും കാക്കനാട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയുമാണ്. തുടർന്നായിരുന്നു ചെയർ പേഴ്സണിന്റെ പ്രതികരണം.
” എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ കൗൺസിലർമാർ ആക്രമിച്ചത്. ഡയസിലേക്ക് ഓടി വരുകയും എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് ചവിട്ടുകൂട്ടുമെന്നും പറഞ്ഞ് അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് എന്റെ കവിളത്ത് അടിച്ചത്. അപ്രതീക്ഷിതമായി അടി കിട്ടിയതോടെ നിലത്ത് വീഴുകയും തല ഇടിക്കുകയുമായിരുന്നു. എപ്പോഴും പ്രശ്നമുണ്ടാക്കുകയാണ്. പത്രമാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിന് മുമ്പ് മുതൽ പല കാര്യങ്ങളും പോട്ടെ, പോട്ടെ എന്നാണ് വിചാരിച്ചിരുന്നത്. അങ്ങനെ വിചാരിച്ചതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അവിടെ കസേരയിൽ ഇരിക്കാനോ ഭരിക്കാനോ പ്രതിപക്ഷം സമ്മതിക്കില്ല. അതിന് കാരണം എന്റെ ജാതിയാണ്. എന്റെ പേര് അജിത ബീഗമോ, അജിതാ സ്റ്റാൻലിയോ, അജിതാ നായരോ ആയിരുന്നെങ്കിലോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. അജിതക്കൊപ്പം തങ്കപ്പൻ എന്നതാണ് യഥാർഥ പ്രശ്നങ്ങൾക്ക് കാരണം” – ചെയർപേഴ്സൺ പറഞ്ഞു.
ജാതി വലിച്ചിഴക്കണമെന്നോ ജാതി പേരിൽ കിട്ടണമെന്നോ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. ജാതി പറഞ്ഞ് ഇത്തരം പ്രതിഷേധങ്ങളേ നേരിടണമായിരുന്നെങ്കിൽ ആദ്യം പ്രശ്നം ഉണ്ടാകുമ്പോൾ തന്നെ ചെയ്യണമായിരുന്നു. ആദ്യത്തെ തവണ പ്രശ്നം ഉണ്ടാകുമ്പോഴും എന്റെ ജാതി പേര് പറഞ്ഞ് വിളിച്ച് മേശയിൽ അടിക്കുകയും കൈ തിരിച്ച് പിടിച്ച് വലിക്കുകയുമായിരുന്നു ചെയ്തത്. പ്രതിപക്ഷ കൗൺസിലർമാരുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. കഴിഞ്ഞ ഭരണകാലത്തോ അതിന് മുൻപത്തെ തവണയോ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങൾ ഇപ്പോൾ മാത്രം ഉണ്ടാകുന്നതിന് കാരണം തന്റെ ജാതിയാണെന്നും അവർ പറഞ്ഞു.
ജാതിയിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ ജാതിപ്പേര് പറഞ്ഞ് ഞാൻ മുതലെടുക്കാൻ ഇഷ്ടപ്പെടുന്നില്ല. ജാതിപ്പേര് പറഞ്ഞ് ഞാൻ മുതലെടുക്കുന്നു എന്ന ചിന്ത മറ്റ് ആരിലും ഉണ്ടാകാതിരിക്കണെന്നും ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇത്രയും കാലവും നഗരസഭക്ക് അകത്ത് തനിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപങ്ങളെപ്പറ്റി പുറത്ത് പറയാതിരുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ചെയർപേഴ്സണിന്റെ കസേരയിൽ തന്നെ ഇരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നാൽ ഇരിക്കുന്നിടത്തോളം അന്തസ്സോടെ ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അജിത തങ്കപ്പൻ പറഞ്ഞു.
ഇതിനിടെ തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിലായി. ഇടത് കൗൺസിലർ ഡിക്സൺ, കോൺഗ്രസ് കൗൺസിലർ സി.സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്സണിന്റേയും ഇടത് കൗൺസിലർമാരുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നഗരസഭയിൽ ചെയർപേഴ്സണിന്റെ ഏകാധിപത്യ ഭരണമെന്നാരോപിച്ച് ഇടത് കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്.
Content Highlights:Thrikkakara municipality chairperson Ajitha Thankappan raise allegations against LDF