തിരുവനന്തപുരം > ചലച്ചിത്ര സംവിധാന രംഗത്ത് പട്ടിക ജാതി/ പട്ടിക വര്ഗ വിഭാഗത്തിൽ പെടുന്നവരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പദ്ധതിയിൽ പട്ടിക ജാതി/ പട്ടിക വര്ഗ വിഭാഗങ്ങളിൽ നിന്നുള്ളവർ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകൾ സർക്കാർ സഹായത്തോടെ നിർമിക്കും. ഇതിന് ഒരു സിനിമയ്ക്കായി ഒന്നര കോടിരൂപ ചെലവഴിക്കും. വനിതകൾ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകൾക്ക് പുറമേയാണിതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയിൽ ഈ വർഷം നിർമിക്കുന്ന ചിത്രങ്ങളുടെ തിരക്കഥകൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കി. മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അപേക്ഷകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ തിരക്കഥാകൃത്തുകൾ പരിശോധിച്ചു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്കായി സിനിമാ രംഗത്ത് പ്രശസ്തരായവരുടെ നേതൃത്വത്തിൽ ഓൺലൈൻ തിരക്കഥാ രചന ശിൽപശാല സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
പട്ടിക ജാതി/ പട്ടിക വര്ഗ വിഭാഗത്തിലുള്ള സംവിധായകരുടെ സിനിമ വിഭാഗത്തിൽ വി എസ് സനോജിന്റെ തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുൺ ജെ മോഹൻ സമർപ്പിച്ച തിരക്കഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വനിതാ സംവിധായകരുടെ വിഭാഗത്തിൽ ശ്രുതി നമ്പൂതിരി സമർപ്പിച്ച ഡി 32 മുതൽ 46 വരെ എന്ന തിരക്കഥ ഒന്നാം സ്ഥാനം നേടിയതായും കാലതാമസം ഇല്ലാതെ ഈ ചിത്രങ്ങളുടെ നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.