കടുത്ത നീതികേടാണ് പോലീസും പിണറായി സർക്കാരും മോഫിയയോട് കാണിച്ചത്. അതിനെതിരേ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായിരുന്നു. നീതിയ്ക്കായുള്ള സമരത്തിനായി ഇനിയും മുന്നിലുണ്ടാകും.. ആലുവയിലെ കോൺഗ്രസ് സമരത്തിന്റെ കവർ ചിത്രമായി മാറിയ വർഗീസിന്റെ വാക്കുകളിൽ പ്രായത്തെ വെല്ലുന്ന ആവേശം. സമരക്കാർക്കെതിരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ ത്രിവർണ പതാകയുമേന്തി പ്രതിരോധിക്കുന്ന വയോധികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് നേടിയത്. സമരങ്ങൾ തനിയ്ക്ക് പുതിയ കാര്യമല്ലെന്ന് അങ്കമാലി അയ്യമ്പുഴയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ കെ.ഒ.വർഗീസ് വ്യക്തമാക്കുന്നു.
എനിക്ക് വയസ്സ് 65 കഴിഞ്ഞു. അമ്പത് വർഷത്തോളമായി കോൺഗ്രസ് പ്രവർത്തകനായിട്ട്. എന്റെ ഓർമ ശരിയാണെങ്കിൽ നുകംവെച്ച കാള കോൺഗ്രസ് ചിഹ്നമായിരുന്ന കാലത്താണ് ആദ്യമായി വോട്ട് ചെയ്യുന്നത്. വളർച്ചയിലും തളർച്ചയിലും പാർട്ടിയ്ക്കൊപ്പം ഉറച്ചുനിന്നു. പുതിയ കാലത്ത് കോൺഗ്രസിന്റെ പ്രസക്തി വർധിച്ചുവരികയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
മോഫിയ കേസിലും അതുതന്നെതാണ് കണ്ടത്. സിഐ ശരിയായ രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ ആ പെൺകുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. തെറ്റുകാരനാണെന്ന് വ്യക്തമായിരുന്നിട്ടും സിഐയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പകൽവെളിച്ചം പോലെ വ്യക്തമായ ഈ അനീതി കണ്ടുകൊണ്ട് കയ്യുംകെട്ടിയിരിക്കാൻ ആർക്കാവും? അതുതന്നെയാണ് എന്നെയും സമരമുഖത്തെത്തിച്ചത്.
സമര ദിവസം അതിരാവിലെ തന്നെ ആലുവയിലെത്തി. പോലീസ് ജലപീരങ്കിയോ ടിയർ ഗ്യാസോ ഒക്കെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു. എങ്കിലും സമരത്തിന്റെ മുന്നണിയിൽ തന്നെ ഉണ്ടാകണമെന്ന് ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു. മുമ്പും നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എവിടെ പോയാലും ത്രിവർണ പതാകയും കയ്യിലുണ്ടാകും. പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ സഹപ്രവർത്തകർക്കൊപ്പം പരമാവധി ഉറച്ചുനിൽക്കാനാണ് ശ്രമിച്ചത്. ഒരു കർഷകൻ കൂടിയാണ് ഞാൻ. പ്രായം ഇത്രയായെങ്കിലും ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല. നീതിയ്ക്കായുള്ള സമരത്തിനു മുന്നിൽ ഇനിയും ഞാനുണ്ടാകും -വർഗീസിന്റെ ശബ്ദം ദൃഢമായിരുന്നു.
അമ്പത് വർഷത്തെ പൊതുപ്രവർത്തനത്തിനിടെ അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പദം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വർഗീസ് വഹിച്ചിട്ടുണ്ട്. പൊതുപ്രവർത്തകൻ എന്നതിനൊപ്പം ഒരു കർഷകൻ കൂടിയാണ് വർഗീസ്. കുന്നത്തുപറമ്പിൽ റബ്ബർ നഴ്സറി എന്ന പേരിൽ അങ്കമാലിയ്ക്കടുത്ത് ഒരു അഗ്രോ ഫാം കൂടി നടത്തുന്നുണ്ട് ഇദ്ദേഹം.