കൊല്ലം
യുഡിഎഫും ബിജെപിയും ഒരുമിച്ചുനിന്ന് കേരളത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാൻ മടിക്കുന്ന യുഡിഎഫ് നേതാക്കൾ, സംസ്ഥാന സർക്കാരിനെ ഒറ്റപ്പെടുത്താനും കടന്നാക്രമിക്കാനുമാണ് തുനിയുന്നത്. ഇത് നാടിനും ജനങ്ങൾക്കും വേണ്ടിയല്ല. എയിംസ് അനുവദിക്കണമെന്നത് സംസ്ഥാനത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ, കേന്ദ്രസർക്കാർ മുഖംതിരിക്കുന്നു. ഐഐടി, റെയിൽവേ സോൺ, ശബരിപാത, എരുമേലി വിമാനത്താവളം തുടങ്ങിയ ആവശ്യങ്ങളോടും സഹകരിക്കുന്നില്ല. കേന്ദ്രം ഭരിച്ചിരുന്നപ്പോൾ കോൺഗ്രസിനും ഇപ്പോൾ ബിജെപിക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കേരളത്തിന്റെ ആവശ്യങ്ങൾ നിഷേധിക്കാനുള്ള കാരണം രാഷ്ട്രീയ വ്യത്യാസം മാത്രമാണ് –- കാനം പറഞ്ഞു.