തിരുവനന്തപുരം
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരുടെ വായ മൂടിക്കെട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതിന്റെ ഏറ്റവും പുതിയ തെളിവാണ് 12 രാജ്യസഭാംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി. ഒരു സമ്മേളനത്തിലെ പ്രശ്നത്തിന്റെ പേരിൽ മറ്റൊരു സമ്മേളനത്തിൽനിന്ന് പൂർണമായി സസ്പെൻഡ് ചെയ്യുക എന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽനിന്ന് വിരമിച്ച എഫ്എസ്ഇടിഒ നേതാക്കളായ ടി സി മാത്തുക്കുട്ടിയുടെയും കെ സി ഹരികൃഷ്ണന്റെയും യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷമുള്ളതുകൊണ്ട് തങ്ങൾ തീരുമാനിക്കുന്നതേ നടപ്പാക്കൂ എന്ന ചിന്തയാണ് മോദി സർക്കാരിനെ നയിക്കുന്നത്. -ഏതു ചർച്ചയ്ക്കും തയ്യാറെന്ന് പുറത്തുപറയുകയും പാർലമെന്റിൽ ഒരു ചർച്ചയും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മോദിയുടേത്. കാർഷിക നിയമം പാസാക്കിയപ്പോഴും ഇപ്പോൾ പിൻവലിച്ചപ്പോഴും ചർച്ചയേയില്ല. ഇത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ജനാധിപത്യം ഇല്ലാതാക്കി മതനിരപേക്ഷതയുടെ അടിത്തറ തകർക്കാനുള്ള ചുവടുവയ്പാണിത്. സംസ്ഥാനങ്ങളെ ദുർബലമാക്കി കേന്ദ്രീകൃത ഭരണസംവിധാനമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഭരണഘടനയും ജനാധിപത്യ സംവിധാനവും ഉപയോഗിച്ച് അധികാരത്തിലെത്തിയവർ അവയെ തകർക്കാനാണ് ശ്രമിക്കുന്നത്.
രാജ്യത്ത് തൊഴിലാളി–- കർഷക ഐക്യം രൂപപ്പെടുന്നു എന്നത് ഭാവിയിലേക്കുള്ള ഏറ്റവും വലിയ ചൂണ്ടുപലകയാണ്. വർഗീയതയ്ക്ക് ഏറ്റവും നല്ല മരുന്ന് വർഗ ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു. എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പുയോഗത്തിൽ പ്രസിഡന്റ് എൻ ടി ശിവരാജൻ അധ്യക്ഷനായി. ടി സി മാത്തുക്കുട്ടിക്കും കെ സി ഹരികൃഷ്ണനുമുള്ള ഉപഹാരം കോടിയേരി ബാലകൃഷ്ണൻ കൈമാറി. ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, അധ്യാപക സർവീസ് സംഘടന സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ശ്രീകുമാർ, എഫ്എസ്ഇടിഒ ട്രഷറർ എസ് ആർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി സി മാത്തുക്കുട്ടിയും കെ സി ഹരികൃഷ്ണനും മറുപടി പറഞ്ഞു.