തിരുവനന്തപുരം
ദേശീയ വിദ്യാഭ്യാസനയം അതേപടി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനില്ലെന്നും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ(കെഎസ്ടിഎ)ന്റെ ‘മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസവും പരിഷ്കരിക്കപ്പെടുന്ന കേരള പാഠ്യപദ്ധതിയും’ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയും ജനാധിപത്യവും തകർത്ത് മതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമത്തിന് സഹായകമായ സമൂഹത്തെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ദേശീയ വിദ്യാഭ്യാസനയം. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ളതാണ് വിദ്യാഭ്യാസം. പുതിയ നയം രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാർ വിട്ടുവീഴ്ചക്കില്ല. ‘സുശക്തമായ കേന്ദ്രം, ദുർബലമായ സംസ്ഥാനങ്ങൾ’ എന്ന ബിജെപി നിലപാടും അംഗീകരിക്കില്ല.
സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ‘ഞങ്ങൾ തീരുമാനിച്ചു, നിങ്ങൾ നടപ്പാക്കൂ’ എന്ന ഏകാധിപത്യ രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. അക്കാദമിക് ഫാസിസം നടപ്പാക്കി സാംസ്കാരിക ഫാസിസത്തിലേക്ക് എത്തിക്കാനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. മതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാൻ ജനാധിപത്യ സംവിധാനങ്ങൾ തകർക്കണം. അതിന് ജനാധിപത്യ ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കണം. മതനിരപേക്ഷത എന്ന ആശയം നിലനിന്നാൽ ഇതിന് സാധിക്കില്ല.
സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയാൻ ഉതകുന്നതരത്തിലാകണം സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം. കാലാനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ കാലത്തിന് അപ്പുറത്തേക്കുകൂടി കാണാൻ കഴിയണം.
കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.