കൽപ്പറ്റ
പ്രളയഫണ്ടിനായി പിരിച്ച 1.2 കോടി രൂപ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി മുക്കിയതായി ജില്ലാ പ്രവർത്തക സമിതിയംഗവും എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി പി ഷൈജൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് വർഷമായിട്ടും പിരിച്ച പണംകൊണ്ട് പ്രളയബാധിതരിൽ ഒരാൾക്കും ഭൂമിയോ വീടോ നൽകിയിട്ടില്ല. സംസ്ഥാന കമ്മിറ്റി 60 ലക്ഷവും കെഎംസിസി 30 ലക്ഷവും നൽകിയിരുന്നു. 30 ലക്ഷത്തോളം രൂപ ജില്ലയിൽനിന്നും പിരിച്ചു. ഇതിൽ 30 ലക്ഷം ജില്ലാ സെക്രട്ടറി റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് വകമാറ്റി.
അഴിമതി ചോദ്യംചെയ്യ്തതിന് തന്നെയും സി മമ്മിയെയും പി പി അയൂബിനെയും നടപടിയെടുത്ത് പുറത്താക്കി. ഹരിത പരാതിയുടെ പേരുപറഞ്ഞായിരുന്നു നടപടി. ടി സിദ്ദീഖിനെ പരാജയപ്പെടുത്താൻ ജില്ലാ സെക്രട്ടറി 50,000 രൂപ വാഗ്ദാനംചെയ്തിരുന്നു. ഇതിന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കൂട്ടുനിന്നെന്നും ഷൈജൽ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് ഷൈജലിന് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് മർദ്ദനമേറ്റിരുന്നു. പിന്നാലെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി.