തിരുവനന്തപുരം
ബിജെപി മണ്ഡലം കമ്മിറ്റികൂടി വെടക്കാക്കി തനിക്കാക്കാനിറങ്ങിയ കെ സുരേന്ദ്രന് തടയിട്ട് മറുചേരി. കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് ഭിന്നിപ്പ് പ്രകടമായത്. സെപ്തംബറിൽ ചേർന്ന കോർകമ്മിറ്റി ബഹിഷ്കരിച്ച എ എൻ രാധാകൃഷ്ണനും എം ടി രമേശും എത്തില്ലെന്ന വിശ്വാസത്തിലാണ് സുരേന്ദ്രൻ യോഗത്തിലെത്തിയത്. എന്നാൽ, സുരേന്ദ്രന്റെ കളി തിരിച്ചറിഞ്ഞ് ഇവർ യോഗത്തിനെത്തി. പുനഃസംഘടിപ്പിക്കുന്ന 280 മണ്ഡലത്തിലെയും ഭാരവാഹികളുടെ കാര്യത്തിൽ തങ്ങൾക്കും നിർദേശമുണ്ടെന്ന് ഇവർ നിലപാടെടുത്തു. ഭാരവാഹിയാകാൻ 45 വയസ്സെന്ന നിബന്ധന കർശനമാക്കുന്നതിനെയും മുതിർന്ന ചില നേതാക്കൾ എതിർത്തു. തോൽവിയുടെ പേരിലുള്ള സംസ്ഥാന തല അഴിച്ചുപണി തിരിച്ചടിയാകുമെന്ന് കണ്ടാണ് സുരേന്ദ്രനെ തുടരാൻ അനുവദിച്ചതെന്ന് കൃഷ്ണദാസ് പക്ഷത്തുള്ളവർ ഓർമിപ്പിച്ചു. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്ന ദേശീയ നേതൃത്വത്തിന്റെ കർശന നിർദേശവും ഔദ്യോഗിക പക്ഷം ചെവിക്കൊള്ളുന്നില്ല. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ ഒത്താശയാണ് ഇതിന് പിന്നിലെന്നും എതിർപക്ഷത്തെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. സി കെ പത്മനാഭൻ യോഗത്തിൽനിന്ന് വിട്ടുനിന്നു.