ന്യൂഡൽഹി
കുറഞ്ഞ ഇപിഎഫ് പെൻഷൻ ആയിരം രൂപയാണെന്ന കേന്ദ്രസർക്കാർ അവകാശവാദവും പൊള്ള. പ്രതിമാസം ആയിരം രൂപപോലും പെൻഷൻ കിട്ടാത്ത 20 ലക്ഷത്തിൽപ്പരം പേരുണ്ടെന്ന് കണക്ക്. അതായത്, മൊത്തം ഇപിഎഫ് പെൻഷൻകാരിൽ മൂന്നിലൊന്നോളം. കേരളത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപ നൽകുമ്പോഴാണ് അധ്വാനിച്ചിരുന്ന കാലത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ ഫണ്ടിലേക്ക് പണം അടച്ചിരുന്നവരോട് ഈ അനീതി.
തൊഴിൽസ്ഥാപനങ്ങൾ പൂട്ടിയതിനാലും മറ്റു കാരണങ്ങളാലും 20 വർഷം ജോലി ചെയ്യാൻ കഴിയാത്തവർക്ക് തുച്ഛമായ പെൻഷനാണ് ലഭിക്കുന്നതെന്ന് ഇപിഎഫ്ഒ വാർഷികറിപ്പോർട്ടും സമ്മതിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച മിനിമം പെൻഷൻ എല്ലാവർക്കും നൽകണമെന്ന ആവശ്യം 20ന് ചേർന്ന ഇപിഎഫ്ഒ ട്രസ്റ്റ് ബോർഡ് യോഗത്തിലും ഉയർന്നു. മിനിമം പെൻഷൻ ഉയർത്തുക, വർധിച്ച പെൻഷൻ നൽകുന്നതിൽ സുപ്രീംകോടതിയിലുള്ള കേസ് ഉടൻ തീർക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉന്നയിച്ചു. തൊഴിലുടമാ പ്രതിനിധികളിലൊരാളും തുച്ഛമായ പെൻഷൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.
മിനിമം പെൻഷൻ ഉയർത്തുന്ന വിഷയത്തിൽ ധനമന്ത്രിയെ കാണാൻ പ്രതിനിധിസംഘത്തെ അയക്കാമെന്ന മുൻ അധ്യക്ഷന്റെ ഉറപ്പ് നടപ്പായില്ലെന്നും വിമർശമുയർന്നു. ഇതേത്തുടർന്നാണ് പെൻഷൻ പരിഷ്കരണത്തിനടക്കം നാല് ഉപസമിതി രൂപീകരിക്കാമെന്ന് തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ് സമ്മതിച്ചത്. മൂന്നുമാസം കാലാവധിയുള്ള സമിതികൾക്ക് നിയമപരമായി അധികാരമില്ല. പാർലമെന്ററി സമിതി റിപ്പോർട്ടുകൾപോലും നടപ്പാക്കാത്ത സർക്കാർ ഉപസമിതികൾ രൂപീകരിച്ചത് വിമർശം നേരിടാനുള്ള ഉപായം മാത്രമാണെന്നും വിമർശമുണ്ട്.