കൊച്ചി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിശോധനാ നടപടികൾക്ക് കൊച്ചി വിമാനത്താവളത്തിൽ തുടക്കമായി. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ.എ.എസിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും യോഗം ചേർന്നു.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ യു.കെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് സിയാലിലേക്ക് നേരിട്ട് സർവീസ് ഉള്ളത്. റിസ്ക് രാജ്യങ്ങളിൽ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളിൽ നിന്ന് മറ്റു വിമാനത്താവളങ്ങൾ വഴിയെത്തുന്നവരെയും കൊച്ചി വിമാനത്താവളത്തിൽ ആർ.ടി.പിസി.ആർ പരിശോധനയ്ക്ക് വിധേയമാക്കിത്തുുടങ്ങി. ഇതിനു പുറമേ മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേർക്ക് റാൻഡം പരിശോധനയും ഏർപ്പെടുത്തുന്നു. ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യം സിയാൽ ഒരുക്കിയിട്ടുണ്ട്. എത്രയും വേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഏകോപന യോഗത്തിൽ തീരുമാനമായി.
പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകൾ ജിനോം ടെസ്റ്റിനു വേണ്ടി അയക്കും. കോവിഡിന്റെ ഏത് വകഭേദമാണ് ബാധിച്ചിട്ടുള്ളത് എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്. ഇത് കണ്ടെത്തിക്കഴിഞ്ഞാൽ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാൽ ക്വാറന്റീൻ തുടരണം. നെഗറ്റീവായാലും സ്വയം നിരീക്ഷണവും വേണം.
എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.സജിത് ജോൺ, നോഡൽ ഓഫീസർ ഡോ. ഹനീഷ് ഹംസ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.