തിരുവനന്തപുരം>ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ തീരാനോവായി സംവിധായകരായ സച്ചിയും ഷാനവാസ് നരണിപ്പുഴയും. സച്ചി സംവിധാനംചെയ്ത അയ്യപ്പനും കോശിക്കുമായിരുന്നു മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം. ഭാര്യ സിജി സച്ചിയാണ് പുരസ്കാരം സച്ചിക്കായി ഏറ്റുവാങ്ങിയത്. സിജി പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴേക്കും ദുഃഖസാന്ദ്രമായി വേദിയും സദസ്സും. സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായുള്ള പ്രഥമ പുരസ്കാരവും ലഭിച്ചത് സച്ചിയുടെ കണ്ടെത്തലിനാണ്– നഞ്ചിയമ്മയ്ക്ക്.
ഷാനവാസ് നരണിപ്പുഴ സംവിധാനംചെയ്ത സൂഫിയും സുജാതയ്ക്കുമാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പുരസ്കാരമുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും നടന് ജയസൂര്യയുമെല്ലാം ഷാനവാസിനെ ഓര്‍മിച്ചു. മികച്ച നടന്, സംഗീത സംവിധായകന്, ഗായിക, നൃത്തസംവിധാനം ഉള്‍പ്പെടെ അഞ്ച് പുരസ്കാരമാണ് ഷാനവാസിന്റെ സിനിമയ്ക്ക് ലഭിച്ചത്.
ശ്രദ്ധേയരായി നാല് സ്ത്രീകള്‍
ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ ശ്രദ്ധേയമായത് നാല് സ്ത്രീകളാണ്. സച്ചിയുടെ ഭാര്യ സിജി സച്ചി, നഞ്ചിയമ്മ, ധന്യ ബാലകൃഷ്ണൻ, നളിനി ജമീല. മികച്ച ജനപ്രിയ ചിത്രത്തിന് അയ്യപ്പനും കോശിക്കും ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങിയത് സിജിയാണ്. കലക്കാത്ത സന്ദന മേരം എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് നഞ്ചിയമ്മ സ്ത്രീ–- ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങിയത്.
മികച്ച വസ്ത്രാലങ്കാരത്തിന് പുരസ്കാരം ലഭിച്ച ധന്യ ബാലകൃഷ്ണൻ വേദിയിൽ എത്തിയത് കുഞ്ഞുമായാണ്. ധന്യ മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതും കൗതുകത്തോടെ, തൊട്ടുനോക്കാൻ മടിച്ചില്ല മകനും. തന്റെ തലയിൽ സ്നേഹത്തോടെ തലോടിയ മുഖ്യമന്ത്രി അപ്പൂപ്പന് ഒരു ചിരിയും പാസാക്കിയാണ് കക്ഷി അമ്മയ്ക്കൊപ്പം വേദി വിട്ടത്. മാലിക് എന്ന ചിത്രത്തിനാണ് ധന്യക്ക് പുരസ്കാരം. ലൈംഗികത്തൊഴിലാളിയുടെ ജീവിത കഥപറഞ്ഞ ഭാരതപ്പുഴ എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കിയതിനാണ് നളിനി ജമീലയ്ക്ക് പ്രത്യേക പുരസ്കാരം ലഭിച്ചത്.