ന്യൂഡല്‍ഹി> നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര് ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെ 25-ാമത് മേധാവിയായാണ് മലയാളിയായ ഹരികുമാര്‍ ചുമതലയേറ്റത്.
ചുമതലയേറ്റതില്‍ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണിതെന്നും ഹരികുമാര്‍ പറഞ്ഞു.നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഹരികുമാര്‍. സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും. മുംബൈയിലെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ മേധാവിയായിരുന്ന ഹരികുമാറിന് പരമോന്നത സേനാ പുരസ്കാരമായ പരമവിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര് ഹരികുമാര്‍ എത്തുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര് തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചീഫ് ഓഫ് ഇന്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.