ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായ സുപ്രീം കോടതിയുടെ നിർണായക വിധികൾ ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസിൽ സുധീറിനെ പ്രതിചേർക്കണമെന്ന ആവശ്യം വിദഗ്ധരുടെ ഭാഗത്ത് നിന്നും ശക്തമാകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങളിൽ കാരണക്കാരായവരെ പ്രതിചേർക്കണമെന്ന സുപ്രീം കോടതിയുടെ ലംഘനമാണ് മോഫിയ കേസിൽ നടന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2019ലെ രാജേഷ് – ഹരിയാന സർക്കാർ കേസിലാണ് ആത്മഹത്യയ്ക്ക് കാരണമായവർ പ്രതികളായ സംഭവമുള്ളത്. ഭർത്താവ് സുഹൈലിൻ്റെയും കുടുംബത്തിൻ്റെയും ഭാഗത്ത് നിന്നുമുണ്ടായ മാനസിക – ശാരീരിക പീഡനത്തിനെതിരെയാണ് മോഫിയ പോലീസിൽ പരാതി നൽകിയത്. ഒക്ടോബർ 29നാണ് സിഐ സുധീറിന് മോഫിയയിൽ നിന്നും പരാതി ലഭിച്ചത്. കേസിൽ അടിയന്തരമായി ഇടപെടൽ നടത്തുന്നതിൽ ദിവസങ്ങളോളം വൈകിപ്പിച്ച സിഐ പോലീസ് സ്റ്റേഷനിൽ വെച്ച് മനോരോഗിയെന്ന് വിളിച്ച് മോഫിയയെ സുധീർ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് പിന്നാലെയാണ് വീട്ടിലെത്തിയ മോഫിയ ജീവനൊടുക്കിയത്. നവംബര്‍ 22ന് ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭർത്താവ് സുഹൈലിൽ നിന്നും ലൈംഗിക വൈകൃത പീഡനം ഉൾപ്പടെയുള്ള പരാതികൾ ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുള്ള നീക്കമാണ് സിഐ സുധീർ നടത്തിയത്. സുഹൈലിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ സുധീർ ഇയാൾക്ക് അനുകൂലമായി സംസാരിച്ചുവെന്ന് മോഫിയയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പോലീസ് തേടിയില്ല എന്ന പ്രത്യേകതയും കേസിനുണ്ട്.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒഴികെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയാണ് മോഫിയ കേസിൽ സി ഐ സുധീറിന് അനുകൂലമായതെന്നാണ് വിദഗ്ധർ പറയുന്നത്. കേസിൽ പ്രതി ചേർത്തില്ലെങ്കിൽ വകുപ്പുതല നടപടി മാത്രമായിരിക്കും സുധീറിന് നേരിടേണ്ടി വരിക. കഴിഞ്ഞ ദിവസമാണ് മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐയെ സസ്പെന്‍ഡ് ചെയ്തത്. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
മോഫിയയയിടെ മരണത്തിൽ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭര്‍തൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭര്‍തൃപിതാവ് മൂന്നാം പ്രതിയുമാണ്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരായ ഗുരുതര ആരോപണങ്ങളാണുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി മോഫിയ പരാതി നൽകിയെങ്കിലും സി ഐ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയ ആരോപിച്ചിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ സി ഐ മകളെ ചീത്ത വിളിച്ചുവെന്ന് മോഫിയയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.