തിരുവനന്തപുരം
അമ്പത്തൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ നൽകി. 35 വിഭാഗത്തിലായി 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും നടിക്കുള്ള പുരസ്കാരം അന്ന ബെന്നും സംവിധായകനുള്ള പുരസ്കാരം സിദ്ധാർഥ് ശിവയും ഏറ്റുവാങ്ങി.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കിൻഫ്ര പാർക്കിൽ നിർമാണം നടക്കുന്ന സിനിമ മ്യൂസിയത്തിന്റെ ആദ്യഘട്ടം അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജെ സി ഡാനിയേൽ പുരസ്കാരവും ടെലിവിഷൻ മേഖലയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഇത്തവണ പ്രത്യേകമായ ചടങ്ങിൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുസ്തകം മന്ത്രി പി പ്രസാദിനു നൽകി മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശിപ്പിച്ചു. വി കെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര വിഭാഗം ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം, രചനാ വിഭാഗം ജൂറി ചെയർമാൻ ഡോ. പി കെ രാജശേഖരൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു. ചടങ്ങിനുശേഷം സംഗീത സംവിധായകൻ എം ജയചന്ദ്രൻ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
മലയാള സിനിമ നൽകുന്നത് ശുഭസൂചന: മുഖ്യമന്ത്രി
കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ പ്രയാണത്തിന് ഊർജംപകരുന്ന സിനിമകൾക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള സിനിമയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ശുഭസൂചനകളാണ് അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പത്തൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ചിത്രത്തിനും രണ്ടാമത്തെ ചിത്രത്തിനുമുള്ള അംഗീകാരം നേടിയ സിനിമകൾ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നു. സ്ത്രീകളുടെ സ്വയംനിർണയാവകാശത്തിനുവേണ്ടി വാദിക്കുന്ന ചിത്രങ്ങളാണ് ഇവ. അടുക്കള സ്ത്രീവിരുദ്ധ ഇടമായി തുടരുന്നു എന്ന ആണധികാര വ്യവസ്ഥയെയാണ് മികച്ച സിനിമ തുറന്നുകാട്ടുന്നത്. പ്രത്യക്ഷമായ ഗാർഹിക അതിക്രമങ്ങളോ സ്ത്രീപീഡനങ്ങളോ ഇല്ലാതെ കുടുംബങ്ങൾക്കകത്ത് നിശ്ശബ്ദമായി പ്രവർത്തിക്കുന്ന നിർദയ പുരുഷാധിപത്യത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു––മുഖ്യമന്ത്രി പറഞ്ഞു.