തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതനിലയങ്ങളിലേക്ക് ഇടുക്കിയും. ഈ ലക്ഷ്യത്തോടെയുള്ള ‘ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതി’യുടെ സാധ്യതാ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. 800 മെഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദിപ്പിച്ച് ആകെ ഉൽപ്പാദനം 1580 മെഗാവാട്ടാക്കും. ഇതോടെ രാജ്യത്തെ ഏറ്റവും ശേഷിയുള്ള ജലവൈദ്യുത നിലയങ്ങളിലൊന്നാകും ഇടുക്കി. 2023ൽ ആരംഭിച്ച് അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിത ചെലവ് 2669.67 കോടി രൂപ. 2400 മെഗാവാട്ട് ശേഷിയുള്ള തെഹ്രി പ്രോജക്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കൈമാറി. മന്ത്രിസഭ അംഗീകരിച്ചാൽ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള നടപടി ആരംഭിക്കും. ഒരു വർഷം നീളുന്ന പാരിസ്ഥിതിക ആഘാത പഠനവും ജനസമ്പർക്ക പരിപാടിയും സംഘടിപ്പിക്കും. രണ്ടാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് കെഎസ്ഇബിയുടെ പരിപാടി.
പദ്ധതി ഇങ്ങനെ
സംഭരണിയിൽനിന്ന് കുളമാവ് ഭാഗത്തെ തുരങ്കംവഴി ജലം പവർഹൗസിലെത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും. തുരങ്കവും പവർ ഹൗസും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാകും നിർമിക്കുക. പരിസ്ഥിതി ആഘാതം നാമമാത്രമാകും. 200 മെഗാവാട്ടിന്റെ നാല് ജനറേറ്ററാകും സ്ഥാപിക്കുക.
രണ്ടു നിലയത്തിലുംകൂടി പീക്ക് സമയത്ത് നാലുമണിക്കൂർ അധികം വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും.