ന്യൂഡൽഹി
പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് വോട്ടെടുപ്പ് അനുവദിക്കാതെ മൂന്ന് കർഷകദ്രോഹ നിയമം പാസാക്കിയ മോദി സർക്കാർ അവ പിൻവലിച്ചതും അതേ രീതിയിൽ.
ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പിൻവലിക്കൽ ബിൽ പാസാക്കിയത് മിനിറ്റുകൾകൊണ്ട്. 2020 സെപ്തംബറിൽ പാർലമെന്റില്‍ സർക്കാർ മൂന്ന് കര്‍ഷകദ്രോഹ ബില്ലും പാസാക്കിയത് ഇതേ രീതിയില്‍.നിയമങ്ങൾ കർഷകർക്ക് നേട്ടമാകുമെന്ന് അവകാശപ്പെട്ടിരുന്ന കൃഷിമന്ത്രിതന്നെ പിൻവലിക്കൽ ബില്ലിനെ ആരും എതിർക്കുന്നില്ലെന്നും അതുകൊണ്ട് ചർച്ചയുടെ ആവശ്യമില്ലെന്നും വിചിത്ര ന്യായമുയർത്തി.
എംഎസ്പി അടക്കം കർഷകർ ഉന്നയിക്കുന്ന മറ്റാവശ്യങ്ങളിൽ തീർപ്പായില്ലെന്നും ബില്ലിന്മേൽ സംസാരിക്കാൻ അനുവദിക്കണമെന്നും ഇരുസഭയിലും പ്രതിപക്ഷം കടുത്ത നിലപാട് എടുത്തെങ്കിലും സർക്കാർ ഒളിച്ചോടി. കര്‍ഷകദ്രോഹ ബില്ലുകള്‍ പാസാക്കുമ്പോൾ ലോക്സഭയിൽ ചർച്ച നടന്നിരുന്നു. എന്നാൽ, വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ശബ്ദവോട്ടോടെ മൂന്ന് ബില്ലും പാസാക്കി. ഭൂരിപക്ഷം അംഗങ്ങളും ബില്ലുകൾക്ക് അനുകൂലമായതിനാൽ വോട്ടെടുപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു സ്പീക്കർ ഓം ബിർളയുടെ നിലപാട്. ബിൽ സ്റ്റാന്റിങ് കമ്മറ്റി വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. രാജ്യസഭയിൽ കാർഷിക ബില്ലുകൾ പരിഗണിച്ചപ്പോൾ പ്രതിപക്ഷം ശക്തമായി പ്രതിരോധിച്ചിരുന്നു. രാജ്യസഭയിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയർത്തി പ്രതിഷേധിച്ച എളമരം കരിം, കെ കെ രാഗേഷ് അടക്കം എട്ട് അംഗങ്ങളെ സസ്പെന്റു ചെയ്തു.
നേരത്തേ എൻഡിഎയ്ക്ക് ഒപ്പമായിരുന്ന അകാലിദൾ, ശിവസേന തുടങ്ങിയ കക്ഷികൾ എതിർക്കുകയും സർക്കാരിന് അനുകൂലമായി സാധാരണ വോട്ട് ചെയ്യാറുള്ള വൈഎസ്ആർസിപി, ടിആർഎസ്, ബിജെഡി തുടങ്ങിയ കക്ഷികൾ നിലപാട് വ്യക്തമാക്കാതിരിക്കുകയും ചെയ്തതോടെ കാർഷിക ബില്ലുകൾ പാസാകുമോയെന്നതിൽ അനിശ്ചിതത്വമായിരുന്നു. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷൻ ഹരിവംശ് റായ് ശബ്ദവോട്ടിൽ ബിൽ പാസായതായി പ്രഖ്യാപിക്കുകയായിരുന്നു.