ന്യൂഡൽഹി
കർഷകദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ രാജ്യത്ത് ചരിത്രം സൃഷ്ടിക്കപ്പെട്ടതായി സംയുക്ത കിസാൻ മോർച്ച. എന്നാൽ, പിൻവലിക്കൽ ബില്ലിൽ ഇരുസഭയിലും ചർച്ച അനുവദിക്കാതിരുന്നത് പിൻവലിക്കൽ നടപടിയുടെ ശോഭ കെടുത്തി. 2020 ജൂണിൽ ഓർഡിനൻസ് രൂപത്തിൽ കൊണ്ടുവന്ന നിയമങ്ങൾ പിന്നീട് സെപ്തംബറിൽ ഏകപക്ഷീയമായി പാർലമെന്റിൽ പാസാക്കി. ആ ഘട്ടത്തിലും ശരിയായ ചർച്ചയുണ്ടായില്ല.
ബില്ലിൽ പറയുന്ന ലക്ഷ്യങ്ങളും കാരണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. കർഷകർക്ക് എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമെന്ന് പറയുന്നു. ഈ സ്വാതന്ത്ര്യം നിലവിൽത്തന്നെ പല സംസ്ഥാനങ്ങളിലെയും എപിഎംസി നിയമങ്ങൾ അനുവദിക്കുന്നുണ്ട്. മാത്രമല്ല, ചൂഷണത്തിൽനിന്ന് സംരക്ഷണമൊരുക്കാതെ ഇത്തരമൊരു സ്വാതന്ത്ര്യംകൊണ്ട് അർഥവുമില്ല. കോർപറേറ്റുകൾക്കായാണ് ഇത്തരമൊരു നിയന്ത്രണരഹിത വിപണി സർക്കാർ ലക്ഷ്യമിട്ടത്.
എംഎസ്പി അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രം നിർദേശിച്ചാൽ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാമെന്നാണ് ഹരിയാന സർക്കാർ പറയുന്നത്. ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കേസുകൾ കേന്ദ്ര സർക്കാരാണ് പിൻവലിക്കേണ്ടത്. ഹരിയാന, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി സർക്കാരുകൾ കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രനിർദേശം കാക്കുന്നു. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം, രക്തസാക്ഷി സ്മാരകം, ലഖിംപുർ ഖേരിക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ അറസ്റ്റും പുറത്താക്കലും എന്നീ ആവശ്യങ്ങളും മോദി സർക്കാർ അംഗീകരിക്കണം–- കിസാൻ മോർച്ച നേതാക്കളായ ഹന്നൻ മൊള്ള, ബൽബീർ സിങ് രജേവാൾ, ദർശൻപാൽ, ജോഗീന്ദർ സിങ് ഉഗ്രഹാൻ എന്നിവർ ആവശ്യപ്പെട്ടു.