നിർണായക യോഗത്തിലേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എത്താതിരുന്നതിൻ്റെ കാരണം അറിയില്ലെന്ന് യു ഡി എഫ് കൺവിനർ എംഎം ഹസൻ പറഞ്ഞു. ഇരു നേതാക്കളും എത്തിയില്ലെന്ന് മാത്രമേ അറിയൂ. യോഗത്തിൽ എത്താതിരുന്നതിൻ്റെ കാരണം എന്താണെന്ന് വിളിച്ച് ചോദിക്കും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും യോഗത്തിൽ പങ്കെടുത്തില്ല.
സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാ കാര്യങ്ങളും അവരുമായിട്ട് ആലോചിച്ച് ചെയ്യുന്നത്. അതൃപ്തിയുണ്ടെങ്കിൽ നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുധാകരൻ യോഗത്തിൽ എത്താതിരുന്നതിൻ്റെ കാരണം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ നിലപാടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നീക്കം ശക്തമാക്കിയത്.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ലക്ഷ്യമാക്കിയാണ് ഗ്രൂപ്പുകൾ മുന്നോട്ട് നീങ്ങുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ നിലപാടാണ് ഗ്രൂപ്പുകളുടെ എതിർപ്പിന് കാരണമായത്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന നടത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ നേതൃയോഗ തീരുമാനം നിർവാഹക സമിതി ചർച്ച വഴിമാറിക്കൊടുക്കാൻ കഴിയില്ലെന്നാണ് ഗ്രൂപ്പുകൾ പറയുന്നത്.