കൊച്ചി: പാതയോരത്ത് കൊടിമരങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കംചെയ്യണമെന്ന് രണ്ടാഴ്ച മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവേയാണ് അൽപം നിരാശ കലർന്ന വാക്കുകളിലുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
ആരു പറഞ്ഞാലും കേരളം നന്നാവില്ല എന്നായിരുന്നു കോടതിയുടെ പരാമർശം. കഴിഞ്ഞയാഴ്ച തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോൾ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഇതിൽ കൂടുതലും ചുവന്ന കൊടികൾ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് വീണ്ടും അടുത്ത ദിവസം പരിഗണിക്കുന്നതിന് മാറ്റി. പാതയോരം കയ്യേറി കൊടിമരം സ്ഥാപിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുകയും അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന്കോടതി നിർദേശിച്ചിരുന്നു.
കോടതിയുടെ ഉത്തരവ് വന്നതിനു പിന്നാലെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഉത്തരവ് ഇറക്കുകയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും മറ്റും നീക്കംചെയ്യാൻ നിർദേശിക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈ വിശദീകരണത്തിൽ കോടതിക്ക് പൂർണമായും തൃപ്തിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന പരാമർശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
content highlights:justice devan ramachandrans criticism over flag pole issue