കൊച്ചി > “അനില്‍കുമാറാണോ?”
അല്ല
“ഒരു പാഴ്സലുണ്ടായിരുന്നു.”
ഞാന്‍ അനില്‍കുമാറല്ല.
“ഓകെ, തെറ്റിയതാകും.”
നിരുപദ്രവകരമായ ഈ സംഭാഷണം ഒരു സൈബര്‍ തട്ടിപ്പിന്റെ തുടക്കമാകാം.
രണ്ടുദിവസത്തിനുശേഷം ഈ വിളി വീണ്ടും വരും. നേരത്തേ വന്ന പാഴ്സല്‍ തെറ്റിവന്നതാണ്. അത് തിരിച്ചയക്കാന്‍ നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കിട്ടണം എന്നായിരിക്കും ആവശ്യം.
ഈ ഒടിപി കൈമാറുന്നതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടും. ബാങ്ക് അക്കൗണ്ടിലേക്ക് കയറാനായി ബാങ്കില്‍ നിന്നു ലഭിക്കുന്ന ഒടിപിയാണ് ഇങ്ങനെ കൈമാറപ്പെടുന്നത്. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ആദ്യം ചോര്‍ത്തിയശേഷം പണം ഇടപാട് പൂര്‍ത്തിയാക്കാനാണ് ഒടിപി ആവശ്യപ്പെടുന്നത്.
മുമ്പ് പാഴ്സല്‍ വന്നിട്ടുണ്ടെന്നും ഡെലിവറിക്കു മുന്‍പു ഫോണിലേക്കു വരുന്ന ഒടിപി പങ്കുവയ്ക്കണമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. അതിന്റെ പരിഷ്കൃത രൂപമാണ് പുതിയ തട്ടിപ്പ്.
ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ ലാക്കാക്കിയാണ് ഒടിപി തട്ടിപ്പ് ആദ്യം വന്നത്. ലിമിറ്റ് വര്‍ധിപ്പിക്കാമെന്നു പറഞ്ഞ ശേഷം ഒടിപി ചോദിക്കുകയായിരുന്നു. ഒടിപിയിലൂടെ ക്രെഡിറ്റ് തുക മുഴുവന്‍ നഷ്ടമായ കേസുകള്‍ പലതുണ്ടായി.
പുതിയ തട്ടിപ്പിനും പലരും ഇരയാകുന്നതായി ബാങ്ക് അധികൃതരും സൈബര്‍ പൊലീസ് വൃത്തങ്ങളും പറയുന്നു.