ന്യൂഡല്‍ഹി> പാര്‍ലമെന്റില്‍ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്നും കാര്‍ഷിക ബില്ലിന്മേല് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലോകസഭയിലേത് പോലെ രാജ്യസഭയിലും ചര്‍ച്ച നിഷേധിച്ചുവെന്നും എളമരം കരീം എംപി. നിയമം പിന്‍വലിക്കാനുള്ള ബില്ലിന്മേല് ചര്‍ച്ച നടത്തിയ ചരിത്രം ഉണ്ട്. അത് നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും കാര്‍ഷിക നിയമത്തില്‍ ചര്‍ച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ബില്ലിന്റെ ലക്ഷ്യങ്ങള്‍ എന്ന രേഖയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഈ പൊള്ളത്തരം തുറന്ന് കാട്ടാനാണ് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടത്.
2020ല്‍ എങ്ങനെ ആണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ തന്നെ ചര്‍ച്ച നടത്താതെയാണ് പിന്‍വലിക്കാനുള്ള ബില്ലും അവതരിപ്പിച്ചത്. ഭരണഘടനയും സഭാ ചട്ടങ്ങളും ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാര്‍ഗമില്ല. രാജ്യസഭ ചെയര്‍മാനും ഭരണ കക്ഷിയും ചേര്‍ന്ന് പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് മുന്പില് മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും എളമരം കരീം വ്യക്തമാക്കി