തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജയം. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോസിന് 96 വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 40 വോട്ടുകളാണ് ലഭിച്ചത്.
മുന്നണി മാറ്റത്തെത്തുടർന്ന് രാജിവെച്ച രാജ്യസഭാ സീറ്റിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനു വേണ്ടി ജോസ് കെ മാണിയും യുഡിഎഫിനു വേണ്ടി കോൺഗ്രസ് നേതാവായ ശൂരനാട് രാജശേഖരനുമാണ് മത്സരിച്ചത്.
നിയമസഭ സമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. നിയമസഭയിൽ 99 അംഗങ്ങലാണ് എൽഡിഎഫിനുള്ളത്. 41 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.
കൊവിഡ് ബാധിതരായി ചികിത്സയിലായതിനാൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പിടി തോമസും ചികിത്സയിലാണ്.