ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ആലുവ സ്വദേശി മോഫിയയെയും കൊല്ലം സ്വദേശി വിസ്മയയേയും കുറിച്ച് മനുഷ്യത്വ രഹിതമായ പരാമര്‍ശം നടത്തി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍കാവ് സി. അജിത്കുമാര്‍. ‘മോഫിയ മരിക്കേണ്ടവള്‍ തന്നെ’ എന്ന തലക്കെട്ടില്‍ എഫ്.ബി അക്കൗണ്ടില്‍ സംപ്രേഷണം ചെയ്ത ലൈവ് വീഡിയോയിലാണ് അജിത്കുമാര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. കേരളത്തില്‍ പുരുഷന്‍മാര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് പറയുന്ന അജിത് കുമാര്‍ ഇങ്ങനെ പോവുകയാണെങ്കില്‍ എല്ലാത്തിനേയും പെട്രോള്‍ ഒഴിച്ച് കത്തിക്കേണ്ടി വരുമെന്നും പറയുന്നുണ്ട്.
അജിത്കുമാര്‍ വീഡിയോയില്‍ പറയുന്നത്.
”മോഫിയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടിക്കാരും സാമൂഹിക പ്രവര്‍ത്തകരും കുറെ ഫെമിനിച്ചികളും ഇറങ്ങിയിട്ടുണ്ട്. ഏത് വിധേനയും പുരുഷന്‍മാരെ ജയിലില്‍ അടച്ച് അവരുടെ ജീവിതം നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പുറകിലുള്ളത്. സ്ത്രീകളുടെ ആത്മഹത്യയേക്കാള്‍ രണ്ടിരട്ടിയാണ് പുരുഷന്‍മാര്‍ക്കിടയിലെ ആത്മഹത്യ. കാര്യങ്ങള്‍ അങ്ങനെ ഇരിക്കുമ്പോളാണ് ഏതെങ്കിലും ഒരു പെണ്‍കുട്ടി ആത്യമഹത്യ ചെയ്താല്‍ എല്ലാവരും അതിന്റെ പിന്നാലെ പോവുന്നത്. അല്‍പ്പം നിറം കൂടി അവര്‍ക്കുണ്ടെങ്കില്‍ തീര്‍ന്നു.
ഈ പെണ്‍കുട്ടി. യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ മരിക്കേണ്ടവള്‍ ആണ്. ഇങ്ങനെയുള്ളവര്‍ ഭൂമിക്കും മറ്റു പുരുഷന്‍മാര്‍ക്കും ഭാരമായി ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നത് തന്നെയാണ്….മോഫിയ സി.ഐക്കു മുന്നില്‍ വെച്ച് ഭര്‍ത്താവിനെ തല്ലിയ പെണ്‍കുട്ടിയാണ്. സി.ഐ സ്വഭാവികമായും അല്‍പ്പം രൂക്ഷമായി സംസാരിച്ചിരിക്കാം. സംസാരിച്ചില്ലെങ്കില്‍ പിന്നെ എന്ത് സി.ഐ.? ഇപ്പോള്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ നടക്കുകയാണ് വെറും വേസ്റ്റായിട്ടുള്ള സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും….
ഇപ്പോള്‍ ഇതാ ഗവര്‍ണര്‍ മോഫിയയുടെ വീട്ടിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്. ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നുള്ളതാണ്…. ഗവര്‍ണരുടെ ഡ്രൈവര്‍ ഈ അടുത്തിടെ കത്ത് എഴുതി വെച്ച് ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹം അവിടെ പോയോ… ഭാര്യ സമാധാനം നല്‍കാത്തതാണ് ഡ്രൈവര്‍ മരിക്കാന്‍ കാരണം… ഈ ഗവര്‍ണര്‍ എന്ത് പിണ്ണാക്ക് ആണ് ഉണ്ടാക്കിയത് എന്ന് നമുക്കൊന്നും അറിയില്ല.
മുമ്പ് ഒരു കേസ് നടന്നു, വിസ്മയ കേസ്. അത് ഇതു പോലെ തലതിരിഞ്ഞൊരു പെണ്‍കുട്ടിയാണ്. അവളും ആത്മഹത്യ ചെയ്തു. അവിടെയും ഗവര്‍ണര്‍ പോയി. ഇവിടെ പുരുഷന്‍മാര്‍ ജീവിക്കേണ്ട, എല്ലാവരും കൂട്ടത്തോടു കൂടി ആത്മഹത്യ ചെയ്യണം എന്നാണോ ഇപ്പോള്‍ രാഷ്ട്രീയക്കാരും ഗവര്‍ണറും മറ്റുള്ളവരും കുറെ ഫെമിനിസ്റ്റുകളും പറയുന്നത്. ഇവിടെ സ്ത്രീകളാണ് കൂടുതല്‍. പക്ഷെ, ആത്മഹത്യ കൂടുതല്‍ ചെയ്യുന്നത് പുരുഷന്‍മാരാണ്. ഒരു രീതിയിലും സമാധാനം നല്‍കില്ലെന്ന് പറഞ്ഞ് തുനിഞ്ഞിരിക്കുകയാണ് കുറെ ടീമുകള്‍.
പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതില്‍ ഒരു രാഷ്ട്രീയക്കാര്‍ക്കും ഒരു കോപ്പും പറയാനില്ല….പക്ഷെ, എവിടെയെങ്കിലും ഒരു പെണ്‍കുട്ടി, അവളുടെ സ്വഭാവദൂഷ്യം കൊണ്ട് ആത്മഹത്യ ചെയ്താല്‍ പിന്നെ ഭയങ്കര സംഭവമാണ്. ഈ പോക്കാണെങ്കില്‍ എല്ലാത്തിനേയും പെട്രോള്‍ ഒഴിച്ച് കത്തിക്കേണ്ടി വരുമെന്നാണ് പറയാന്‍ പറ്റൂ, വേറെ ഒരു മാര്‍ഗവുമില്ല…… ഇതിനിടക്ക് ആലപ്പുഴയില്‍ ഭാര്യ വീട്ടില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. ആര്‍ക്കും അത് സംസാരിക്കേണ്ട, കരച്ചില്‍ ഇല്ല…..
ഈ കേരളത്തിലാണ് ഭാര്യമാരുടെയും ഭാര്യവീട്ടുകാരുടെയും പീഡനം കൊണ്ട് ഏറ്റവും കൂടുതല്‍ പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്യുന്നത്. എന്നിട്ടും സ്ത്രീസംരക്ഷണം എന്നു പറഞ്ഞു വേറെയും പുതിയ വകുപ്പുകള്‍ കൊണ്ടുവരുന്നു. ഇങ്ങനെയാണ് പോവുന്നതെങ്കില്‍ ഇനിയുള്ള തലമുറ സ്ത്രീകളെ പച്ചക്ക് കത്തിക്കേണ്ടി വരുമെന്നതില്‍ യാതൊരു മാറ്റവുമില്ല……
ഇവിടെ നമുക്ക് പുരുഷന്‍മാര്‍ക്ക് നീതി കിട്ടാതെ വരുമ്പോഴാണ് ആയുധം കൈയ്യിലെടുക്കേണ്ടി വരുന്നത്. ഓരോ പുരുഷനും ആയുധം കൈയ്യിലെടുത്ത് ഒരു സ്ത്രീയെ ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അത് അവന്റെ നിവൃത്തികേടാണ്, സഹികേടാണ് എന്നത് മറക്കരുത്. തെറ്റു ചെയ്യാതെ പല പുരുഷന്‍മാരും ജയിലില്‍ കിടക്കുന്നുണ്ട്. അതില്‍ ഒരു ഇരയാണ് മോഫിയയുടെ ഭര്‍ത്താവ്, വിസ്മയയുടെ ഭര്‍ത്താവ്… ആ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സാമാന്യ നീതികിട്ടിയിട്ടുണ്ടോ….ആ പെണ്‍കുട്ടിയെ അദ്ദേഹം വെട്ടിക്കൊന്നിരുന്നുവെങ്കില്‍ അമ്പത് ദിവസത്തിന് അപ്പുറം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. അദ്ദേഹം ഇന്ന് ഏകദേശം 200ഓളം ദിവസമായി ജയിലിലാണ്….. ”
കുടുംബത്തിന് അകത്തെ പീഡനങ്ങളെ തുടര്‍ന്ന് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് അജിത്കുമാര്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ പുരുഷന്‍മാരുടെ അവകാശം സംരക്ഷിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണെന്നും വീഡിയോവില്‍ അജിത്കുമാര്‍ പറയുന്നുണ്ട്.
വനിതാകമ്മീഷന് സമാനമായ കമ്മീഷന്‍ വേണമെന്നാണ് ആവശ്യം. അസോസിയേഷന്റെ ഗ്രാന്‍ഡ് അംബാസിഡറും നിയമോപദേഷ്ടാവുമായ അഡ്വ.ബി എ ആളുര്‍ കഴിഞ്ഞ ദിവസം ഓഫീസ് സന്ദര്‍ശിച്ചതിന്റെ വീഡിയോയും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
****