ന്യൂഡല്ഹി > സര്വകക്ഷിയോഗത്തില് സംസാരിക്കുന്നതിനിടെ അനാവശ്യമായി ഇടപെട്ട പാര്ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് മറുപടിയുമായി ജോണ് ബ്രിട്ടാസ് എംപി. മുന്കാലങ്ങളില് ബിജെപി നേതാക്കളായ എ ബി വാജ്പേയും എല് കെ അദ്വാനിയുമൊക്കെ എങ്ങനെയാണ് പാര്ലമെന്റില് പ്രവര്ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. ഇപ്പോള് പ്രധാനമന്ത്രി നരേന്ദ്രമോഡി പാര്ലമെന്റില് പലപ്പോഴും എത്താറുപോലുമില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ബ്രിട്ടാസിന്റെ പ്രസംഗത്തെ ശ്രദ്ധാപൂര്വം കേട്ടുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രിക്ക് പകരം യോഗത്തില് പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിനിടയിലാണ് പ്രസംഗം തടസ്സപ്പെടുത്താന് പ്രഹ്ലാദ് ജോഷി ശ്രമിച്ചത്. ‘പ്രഹ്ലാദ് ജി, ഞാന് പറയുന്നത് രാജ്നാഥ് ജി അവിടെ ക്ഷമയോടെ കേള്ക്കുകയാണ്’ – ബ്രിട്ടാസ് പറഞ്ഞു.
ജനാധിപത്യത്തില് പാര്ലമെന്റിനുള്ള പ്രാധാന്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പാര്ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള പ്രാഥമിക ഉത്തരവാദിത്വം കേന്ദ്ര സര്ക്കാരിനാണെന്നും സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ജോണ് ബ്രിട്ടാസ് സര്വകക്ഷി യോഗത്തില് പറഞ്ഞു. കാര്ഷിക നിയമങ്ങള്, പെഗാസസ് വിഷയങ്ങളിലെ സര്ക്കാരിന്റെ കടുംപിടിത്തമാണ് വര്ഷകാല സമ്മേളനം പൂര്ണമായും ബഹളത്തില് കലാശിച്ചത്. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഈ വിഷയങ്ങളില് സംസാരിക്കാനും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും കൂട്ടാക്കിയിരുന്നെങ്കില് വര്ഷകാല സമ്മേളനം നഷ്ടമാകില്ലായിരുന്നു. പാര്ലമെന്റിലെ നിയമനിര്മാണ രീതിയെക്കുറിച്ച് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനുപോലും വിമര്ശനപരമായി സംസാരിക്കേണ്ടി വന്നു. നേരത്തേ 70 ശതമാനം ബില്ലുകള് സ്റ്റാന്ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. ലോക്സഭയില് 10 ശതമാനം ബില്ലുകള് മാത്രമാണ് നിലവില് സ്റ്റാന്ഡിങ് കമ്മിറ്റിക്ക് പോകുന്നതെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.