കാസർകോട്
കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ചതാകണം. ‘ഒമിക്രോൺ’ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. തലപ്പാടിയിൽ പരിശോധന കർശനമാക്കുമെന്ന് ഞായറാഴ്ച യാത്രക്കാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽനിന്ന് റോഡ്, ട്രെയിൻ മാർഗം പോകുന്നവർ പ്രയാസപ്പെടും. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ജോലിക്കും വ്യാപാരത്തിനുമായി ദിവസവും ആയിരങ്ങളാണ് മംഗളൂരുവിലേക്ക് പോകുന്നത്. കാസർകോട് ജില്ലയിലെ ജാൽസൂർ, പഞ്ചിക്കൽ, പാണത്തൂർ അതിർത്തിയിലും യാത്രക്കാർ ബുദ്ധിമുട്ടും.
മലയാളികൾക്ക് ആർടിപിസിആർ
പതിനഞ്ച് ദിവസത്തിനിടെ കേരളത്തിൽനിന്നെത്തിയ, ദക്ഷിണ കന്നഡയിലെ കോളേജുകളിലെ മലയാളി വിദ്യാർഥികൾക്ക് ആർടിപിസിആർ പരിശോധന നടത്തും. തുടർന്ന് മറ്റു വിദ്യാർഥികൾക്കും പരിശോധന നടത്തിയേക്കും. കേരളാതിർത്തിയിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജില്ലാ ഭരണകേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിർത്തിയിൽ ഒരു മാസമായി അയവുവരുത്തിയ പരിശോധന തിങ്കളാഴ്ച മുതൽ കർശനമാക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. ചെക്പോസ്റ്റുകളിൽ പൊലീസിനെ വിന്യസിച്ചു. അന്തർസംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് തുടരും.