കൊച്ചി
ജലഗതാഗതവകുപ്പിന്റെ നാല് സൗരോർജ ബോട്ടുകൾ ഉടൻ ജലപ്പരപ്പിലേക്ക്. മൂന്നെണ്ണം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. ആദ്യത്തേത് രണ്ടുമാസം കഴിഞ്ഞ് നീറ്റിലിറങ്ങും. 75 പേർക്കുവീതം യാത്രചെയ്യാൻ കഴിയുന്നതാണ് ബോട്ടുകൾ. റൂട്ട് പിന്നീട് തീരുമാനിക്കും. ഇന്ത്യയിലെ ആദ്യ സൗരോർജ യാത്രാബോട്ടായ ‘ആദിത്യ’യുടെ വൻവിജയമാണ് കൂടുതൽ ബോട്ടുകൾ ഇറക്കാൻ ജലഗതാഗതവകുപ്പിനെ പ്രേരിപ്പിച്ചത്.
കാർബൺ പുറന്തള്ളൽ വളരെ കുറവുള്ള പരിസ്ഥിതിസൗഹൃദ യാത്രാസംവിധാനമാകും ബോട്ടുകൾ. ശക്തിയുള്ള സൗരോർജ ബാറ്ററികൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ സമയം ഓടിക്കാം. ആദിത്യ നിർമിച്ച, നവാൾട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയവയിൽ മൂന്നു ബോട്ടുകളും നിർമിക്കുന്നത്. ഒരെണ്ണത്തിന്റെ നിർമാണത്തിന് ടെൻഡർ പൂർത്തിയാക്കാനുണ്ട്.
കൂടുതൽ സൗരോർജ ബോട്ടുകൾ നീറ്റിലിറക്കാനുള്ള ജലഗതാഗത വകുപ്പിന്റെ തീരുമാനം മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. ഗോവ, ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനായി ടെൻഡർ നടപടി പൂർത്തിയാക്കി.