കണ്ണൂർ
സംസ്ഥാനത്തെ 93 നഗരസഭകളിൽ ഖരമാലിന്യ സംസ്കരണം പരിസ്ഥിതിസൗഹൃദമാക്കാൻ 2,100 കോടി രൂപയുടെ ലോകബാങ്ക് പദ്ധതി. മൂന്നുവർഷത്തിനകം കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ലോകബാങ്കിന്റെ ഇൻവെസ്റ്റ്മെന്റ് പ്രൊജക്ട് ഫിനാൻസിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 2025 വരെയുള്ള ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’യുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. നഗരസഭക്കുചുറ്റുമുള്ള പഞ്ചായത്തുകൾകൂടി ഉൾപ്പെടുത്തി ഒരു ക്ലസ്റ്ററാക്കിയാണ് 87 നഗരസഭകളിലും ആറ് കോർപ്പറേഷനിലും പദ്ധതി നടപ്പാക്കുക. ഖരമാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനുപുറമേ, കോവിഡ് പ്രതിരോധത്തിനുള്ള സഹായവും നൽകും.
സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സവിശേഷത, പദ്ധതി നടത്തിപ്പിനുള്ള ശേഷി തുടങ്ങിയവയെക്കുറിച്ച് നടത്തിയ പഠനത്തിൽ 93 തദ്ദേശസ്ഥാപനങ്ങളിലെ പ്രതിദിന മാലിന്യം 3,755 ടൺ ആണെന്നാണ് കണ്ടെത്തൽ. ഇതിന്റെ 55 –- 65 ശതമാനം വീടുകളിൽനിന്നും ബാക്കി വാണിജ്യസ്ഥാപനങ്ങളിൽനിന്നും വിപണികളിൽനിന്നുമാണ്. ലഭ്യമായ സ്ഥലങ്ങളിൽ ഇവ സംസ്കരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിൽ കെട്ടിടമാലിന്യ നിർമാർജനത്തിന് സൗകര്യമില്ല. ഇവ ഖരമാലിന്യം തള്ളുന്ന യാർഡുകളിലേക്കും പാതയോരങ്ങളിലേക്കും മാറ്റുകയോ താഴ്ന്ന ഭൂമി നിരപ്പാക്കാൻ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്.
ആശുപത്രിമാലിന്യ സംസ്കരണത്തിന് ഒരു ബയോമെഡിക്കൽ മാലിന്യസംസ്കരണ സൗകര്യം മാത്രമാണുള്ളത്. ഈ പ്രശ്നങ്ങൾക്ക് പുതിയ പദ്ധതി പരിഹാരമാവുമെന്നാണ് പ്രതീക്ഷ. മാലിന്യസംസ്കരണ സംവിധാനങ്ങൾ പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വായു, ജലം, മണ്ണ് മലിനീകരണ പ്രശ്നങ്ങളെല്ലാം തടയാനാകുമെന്നാണ് വിലയിരുത്തൽ.