ന്യൂഡൽഹി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കിസാൻ–- മസ്ദൂർ മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ സമ്മതിച്ചെങ്കിലും കർഷകരുടെ ന്യായമായ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് കർഷകരും തൊഴിലാളികളും പ്രതിജ്ഞയെടുത്തു.
സാമൂഹ്യപരിഷ്കർത്താവ് ജ്യോതിറാവുഫൂലേയുടെ ചരമവാർഷികത്തിൽ മുംബൈയിലെ ആസാദ് മൈതാനത്ത് നടന്ന മഹാപഞ്ചായത്തിൽ അമ്പതിനായിരത്തിലധികം കർഷകർ പങ്കെടുത്തു.
കർഷകർ, കർഷകത്തൊഴിലാളികൾ, വനിതകൾ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. ഒരുവർഷം നീണ്ട കർഷകപ്രക്ഷോഭത്തിന്റെ ഐതിഹാസികവിജയം മഹാപഞ്ചായത്ത് ആഘോഷിച്ചു.
നേതാക്കളായ ഹന്നൻ മൊള്ള, അശോക് ധാവ്ളെ, ബി വെങ്കട്ട്, ദർശൻപാൽ, രാകേഷ് ടിക്കായത്ത്, യുദ്ധ്വീർസിങ്, തജിന്ദർസിങ് വിർക്ക്, അതുൽകുമാർഅഞ്ജൻ, രാജാറാംസിങ്, യോഗേന്ദ്രയാദവ്, ജസ്ബീർകൗർനാട്ട്, ആശിഷ് മിത്തൽ, മേധാ പട്കർ, ജയന്ത് പാട്ടീൽ, പ്രതിഭാ ഷിൻഡേ, നരസയ്യ അദം, ജെപി ഗാവിത്ത്, ഡോ. അജിത്നവാലെ തുടങ്ങിയവർ സംസാരിച്ചു.