തിരുവനന്തപുരം > സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ക്ലാസുകൾ വൈകിട്ടുവരെയാക്കാനുള്ള തീരുമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആഘാതം കൂടി വിലയിരുത്തിയ ശേഷം മാത്രം. ഡിസംബർ 15 മുതൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു.
വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ജാഗ്രത ശക്തമാണ്. സ്കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്തനിവാരണവകുപ്പിന്റെ അനുമതി ആവശ്യമാണ്. ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.