ഇരവിപേരൂർ > തിരുവല്ല ഈസ്റ്റ് കോ‐ഒപ്പറേറ്റിവ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എൽഡിഎഫിന്. 13 അംഗ ഭരണ സമിതിയിൽ ജനറൽ വിഭാഗം- 6, വനിത- 3, പ്രഫഷനൽ- 2, നിക്ഷേപം- 1, പട്ടിക ജാതി സംവരണം-1 എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 38 പേർ മത്സര രംഗത്തുണ്ടായിരുന്നു.
ഡോ. ജേക്കബ് ജോർജ്, ജിജി മാത്യു, ജിജി ജോർജ്, ടി എൻ ചന്ദ്രശേഖരൻ നായർ, കെ സതീഷ്, അനിൽ എബ്രഹാം (ജനറൽ), ഡോ ജി അംബിക ദേവി, ജഗദീഷ്, മനുഭായി മോഹൻ, സുജ എബ്രഹാം (വനിത), അഡ്വ. ടി എൻ ഓമനക്കുട്ടൻ (പട്ടികജാതി സംവരണം), ജോർജ് കുരുവിള (നിക്ഷേപം), വി കെ ശ്രീധരൻ പിള്ള, പി സി മാത്യു (പ്രഫഷണൽ) എന്നിവരാണ് വിജയിച്ചത്.
1992-93 കാലം വരെ ബാങ്കിനെ സ്നേഹിക്കുന്ന സഹകാരികളുടെ നിയന്ത്രണത്തിൽ വളർച്ച നേടിയിരുന്നു. 1993നു ശേഷം പൂർണമായി യുഡിഎഫ് രാഷ്ട്രീയ നിയന്ത്രണത്തിലായി. 1987 മുതൽ 99 വരെ രണ്ടുസീറ്റിൽ മാത്രമായിരുന്നു എൽഡിഎഫ്. ആ ചരിത്രമാണ് ഇത്തവണ തിരുത്തിയത്.
യുഡിഎഫ് ഭരണസമിതി നടത്തിയ അഴിമതിക്കും കെടുകാര്യസ്ഥതക്കുമുള്ള കടുത്ത പ്രതികരണമാണ് സഹകാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ചരിത്ര വിജയം നൽകിയ സഹകാരികളെ അഭിവാദ്യം ചെയ്യുന്നതായി സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി അജയകുമാറും പറഞ്ഞു.