ദുബായിലെ ലോക ചെസ്
ചാമ്പ്യൻഷിപ് വേദിയിൽനിന്ന് :
എൻ ആർ അനിൽകുമാർ
(ഇന്ത്യൻ ചെസ് ഒളിമ്പ്യാഡ് മുൻ അംഗം, ദേശീയ ബി ചെസ് മുൻ ചാമ്പ്യൻ)
ദുബായ് എക്സ്പോ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ മൂന്ന് ഗെയിമുകളും ആവേശകരമായ സമനിലകളിൽ അവസാനിച്ചതിനാൽ അടുത്ത ലോകചാമ്പ്യൻ ആര് എന്ന ചോദ്യത്തിലേക്ക് നയിക്കുന്ന ഉത്തരങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രവചനങ്ങൾ നിലവിലെ ലോകചാമ്പ്യൻ നോർവേക്കാരനായ മാഗ്നസ് കാൾസന് അനുകൂലമായിരുന്നു. എന്നാൽ, ചലഞ്ചർ റഷ്യക്കാരനായ ഇയാൻ നിപോംനിഷി കളിയുടെ എല്ലാ മേഖലകളിലും ലോകചാമ്പ്യനോട് ഒപ്പത്തിനൊപ്പം കിടപിടിക്കുന്നതായാണ് കണ്ടത്. ചെസ് മത്സരവേദിയിലും വാർത്താസമ്മേളനങ്ങളിലും തികഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഒന്നാം ഗെയിമിനേക്കാൾ ആവേശകരമായിരുന്നു രണ്ടാം ഗെയിം.
കാറ്റലൻ പ്രാരംഭത്തിൽ അൽപ്പം അസാധാരണങ്ങളായ വഴികൾ തെരഞ്ഞെടുത്ത പ്രതിയോഗികൾ ഉദ്വേഗം വിതറിയ പൊസിഷനുകളിലൂടെ ഞാണിന്മേൽക്കളി നടത്തിയാണ് മുന്നേറിയത്. ഇരുവരും കളിയിൽ മേൽക്കൈ നേടാനുള്ള അവസരങ്ങൾ പാഴാക്കി. എന്നാൽ, മുപ്പത്തിയേഴാം നീക്കത്തോടെ കൊടുങ്കാറ്റെല്ലാം ശമിച്ച് സമനിലയുടെ ശാന്തതയിലേക്ക് കളി തിരിഞ്ഞു. ഒടുവിൽ അമ്പത്തിയെട്ടാം നീക്കത്തിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞു. മൂന്നാം ഗെയിം 41 നീക്കത്തിൽ സമനിലയിലായി.