കൽപ്പറ്റ > സിപിഐ എമ്മിന്റെ വയനാട് ജില്ലയിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ് 54 കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്. ബത്തേരി ഏരിയാ സമ്മേളനത്തിൽ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയാ രൂപീകരിക്കുകയായിരുന്നു.
ജില്ലയിലെ വനിതകളുടെ മുന്നണിപ്പോരാളിയായ കുഞ്ഞുമോൾ നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ്. 2001ൽ പാർടി അംഗമായ കുഞ്ഞുമോൾ സിപിഐ എം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
അമ്പലവയൽ സർവീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമാണ്. വയനാട് രക്ഷാമാർച്ചിൽ പങ്കെടുത്ത് രണ്ട് ദിവസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അമ്പലവയൽ അത്തിച്ചാൽ സ്വദേശിനിയാണ്. ഭർത്താവ്: എൻ യു പൈലികുഞ്ഞ്. മക്കൾ: സജോൺ, സൈവജ.