കൊച്ചി > ദേശാഭിമാനി കൊച്ചി യൂണിറ്റ് ഡിടിപി വിഭാഗം ചീഫ് ഇകെബി ഓപ്പറേറ്റർ (എസ്ജി) പൊന്നുരുന്നി ദീപംറോഡ് അരവിന്ദത്തിൽ എ അജിത് കുമാർ (52) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കൾ രാവിലെ 10.45ന് ദേശാഭിമാനി കൊച്ചി യൂണിറ്റിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന് പച്ചാളം ശ്മാശനത്തിൽ.
1990ൽ ദേശാഭിമാനിയിലെത്തിയ അജിത് 1991ൽ സ്ഥിരം ജീവനക്കാരനായി. ദേശാഭിമാനി കമ്പ്യൂട്ടർ അധിഷ്ഠിത അച്ചടി ആരംഭിച്ചപ്പോൾ ഡിടിപി പരിശീലനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് അജിത്. ദേശാഭിമാനി പുതിയതായി ഓരോ യൂണിറ്റ് ആരംഭിച്ചപ്പോഴും അവിടെയെത്തി ഡിടിപി പരിശീലനത്തിന് നേതൃത്വം നൽകി. ആലപ്പുഴയിൽ യൂണിറ്റാരംഭിച്ചപ്പോൾ അവിടെയും കൊച്ചി ദേശാഭിമാനിയിലും പരസ്യവിഭാഗം മാനേജരായും സേവനമനുഷ്ഠിച്ചു. സിപിഐ എം ദേശാഭിമാനി ഡിടിപി ബ്രാഞ്ച് സെക്രട്ടറിയാണ്. മികച്ച കബഡി താരമായിരുന്നു.
എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിലിന്റെ (എഡ്രാക്ക്) ആരംഭകാലം മുതൽ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്നു. ജില്ലയിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ ഏകീകരണത്തിലും നഗരത്തിൽ മട്ടുപ്പാവുകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, തമ്മനം നളന്ദ പബ്ലിക്ക് സ്കൂൾ എന്നിവിടങ്ങളിൽ പിടിഎ പ്രസിഡന്റായിരുന്നു.
അച്ഛൻ: പരേതനായ അരവിന്ദാക്ഷൻപിള്ള. അമ്മ: കെ കരുണാമയിയുടെയും (റിട്ട. അധ്യാപിക) മകനാണ്. ഭാര്യ: ബിന്ദു മല്ലശ്ശേരി ( പോസ്റ്റ് മാസ്റ്റർ, തമ്മനം പോസ്റ്റ് ഓഫീസ്). മക്കൾ: ആതിര (കള്ളിയത്ത് ഗ്രൂപ്പ്), ആരതി (തേവര എസ്എച്ച് കോളേജ് എംകോം വിദ്യാർഥിനി), അഭിജിത്ത് (മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി). മരുമകൻ: ബിബിൻ കൃഷ്ണ (ഐഡിബിഐ). സഹോദരൻ: എ രവി മേനോൻ (ആർ എം ഗ്രൂപ്പ്) .
അജിത്തിന്റെ നിര്യാണത്തിൽ മന്ത്രി പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവർ അനുശോചിച്ചു.