ജനീവ > സ്വിറ്റ്സർലൻഡിലെ നഴ്സിങ് മേഖലയിലെ വിഷയങ്ങളിൽ നടക്കുന്ന ഹിതപരിശോധനയിൽ മലയാളി നഴ്സുമാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ അഭ്യർത്ഥിച്ച് ഇടതു -പുരോഗമന പ്രസ്ഥാനമായ കൈരളി പ്രോഗ്രസിവ് ഫോറം സ്വിറ്റ്സർലൻഡ് (കെപിഎഫ്എസ്). മെച്ചപ്പെട്ട ജോലി സാഹചര്യവും വേതനവും ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ-സാമൂഹ്യസംഘടനകളും നഴ്സിങ് മേഖലയിലെ പ്രസ്ഥാനമായ Schweizer Berufsverband der Pflegefachfrauen und Pflegefachmänner(SBK) യും ചേർന്ന് ഹിതപരിശോധനക്കു ഒരുങ്ങിയിരിക്കുന്നത്. നഴ്സിങ് മേഖലയിൽ ധാരാളം മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ് സ്വിസ്. ഈ സാഹചര്യത്തിൽ ഇതൊരു പൊതുപ്രശ്നമായിക്കണ്ട് മലയാളികൾ ഹിതപരിശോധയിൽ പിന്തുണയ്ക്കണമെന്ന് കെപിഎഫ്എസ് ജന. സെക്രട്ടറി സാജൻ പെരേപ്പാടൻ അഭ്യർത്ഥിച്ചു.
ഗുണനിലവാരത്തിൽ എന്ന പോലെ രോഗി -നഴ്സ് അനുപാതത്തിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവെ നിലവാരം പുലർത്തിയിരുന്ന രാജ്യമാണ് സ്വിറ്റ്സർലൻഡ്. എന്നാൽ 2008 മുതൽ സ്വിസ് ഡിആർജി (ഡയഗ്നോസിസ് റിലേറ്റഡ് ഗ്രൂപ്പ്സ്) നടപ്പാക്കിയതോടെ ആശുപത്രിരംഗം പരിചരണത്തിന്റെ കാര്യത്തിൽ ഗുണനിലവാരഭീഷണിയിലായി. ആവശ്യമായതിന്റെ പകുതി നഴ്സുമാരെയാണ് നിലവിൽ പരിശീലിപ്പിച്ചെടുക്കുന്നത്. ആതുരസേവനം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യവും വരുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഫെഡറൽ സർക്കാർ നിർദേശിച്ച indirekter Gegenvorschlag പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്ന ബോധ്യത്തിലാണ് വിവിധ പാർട്ടികളും സംഘടനകളും ഹിതപരിശോധനയുമായി ജനങ്ങളിലേക്ക് വീണ്ടും എത്തുന്നത്.
താഴെ പറയുന്ന പ്രധാന നിർദേശങ്ങളാണ് പരിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്:
* രാജ്യം കൂടുതൽ നഴ്സുമാരെ പരിശീലിപ്പിക്കുക.
* ഫെഡറൽ സർക്കാരും കന്റോണുകളും പരിശീലനത്തിൽ നിക്ഷേപപം നടത്തുക. കൂടുതൽ പരിശീലന സ്ഥാപനങ്ങളും മികച്ച പരിശീലന വേതനവും നൽകിയാൽ യുവ പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയും.
* ജീവനക്കാർ പെൻഷനു മുമ്പ്ജോലി ഉപേക്ഷിക്കുന്നത് തടയുക – ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക.
* ഇപ്പോഴുള്ള ഡ്യൂട്ടി സമയവും ജോലിഭാരവും മാറ്റം വരുത്തുക, തൊഴിൽ സാഹചര്യങ്ങൾ കുടുംബ സൗഹൃദം ആക്കുക.
* ഉയർന്ന വേതനം ലഭ്യമാക്കുക.
* പരിചരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക – ആവശ്യത്തിന് നഴ്സുമാർ ഉണ്ടെന്ന് ഉറപ്പ് നൽകുക, രോഗി – നഴ്സ് അനുപാതം പുനഃക്രമീകരിക്കുക.
* പരിചരണ സേവനങ്ങൾക്ക് സർക്കാർ ഉചിതമായ ധനസഹായം ലഭ്യമാക്കുക.