കൊച്ചി: സീറോ മലബാർ സഭയിലെ പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കി തുടങ്ങി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ കർദ്ദിനാൾമാർ ജോർജ് ആലഞ്ചേരി പുതിയ രീതിയിൽ കുർബാന അർപ്പിച്ചു. അതേസമയം മറ്റ് പള്ളികളിൽ ജനാഭിമുഖ കുർബാന തുടർന്നു.
സിനഡ് തീരുമാനത്തിനെതിരായ സർക്കുലർ കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ വായിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിലും ഏകീകരിച്ച കുർബാന അർപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിലും ആലുവ പ്രസന്നപുരം പള്ളിയിലും മാത്രമാണ് സിനഡ് പ്രകാരമുള്ള ഏകീകരിച്ച കുർബാന അർപ്പിച്ചത്.
ഇന്ന് മുതൽ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും ഏകീകരിച്ച കുർബാന അർപ്പണ രീതി നടപ്പാക്കണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് സിനഡ് തീരുമാനത്തിനെതിരേ സിനഡിന്റെ സെക്രട്ടറി കൂടിയായ മാർ ആന്റണി കരിയിൽ വത്തിക്കാനിൽപ്പോയി ഇളവുവാങ്ങിയത്. തുടർന്ന് വത്തിക്കാനിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പഴയ രീതി തുടരണമെന്നും സർക്കുലർ ഇറക്കി. തുടർന്ന് പള്ളികളിൽ പുതുക്കിയ കുർബാന ഏകീകരണ രീതി നടപ്പാക്കാതെ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.
സഭക്ക് പുതിയൊരു യുഗം പിറക്കുകയാണ്. പൂർണമായ ഐക്യത്തിന്റേയും സമാധാനത്തിന്റേയും യുഗമാണതെന്നും കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി ഏകീകരണ കുർബാന അർപ്പിച്ചുകൊണ്ട് പറഞ്ഞു.
ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റർ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുർബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം. കഴിഞ്ഞദിവസം ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ തള്ളിക്കൊണ്ട് കർദ്ദിനാൾ ജോർജ് മാർ ആലഞ്ചേരി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇങ്ങനെയൊരു സർക്കുലർ കിട്ടിയിട്ടില്ലെന്ന് കർദ്ദിനാൾ പറഞ്ഞിരുന്നു.
കുർബാനവിവാദം എന്ത്?
മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്.
1. ജനാഭിമുഖ കുർബാന: വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നു. എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയാണ്.
2. അൾത്താരാഭിമുഖ കുർബാന: വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി.
3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.
1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. അടുത്തിടെ ചേർന്ന സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്.
Content Highlights: Uniform Holy Mass, Syro-Malabar Churchs