തിരുവനന്തപുരം: വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു.
മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല.
ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും.
സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാൻ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
Content Highlights: Over 5000 teachers yet to get vaccinated in Kerala