കേസെടുക്കുന്നതിൽ എസ്ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. എസ്ഐക്കെതിരെ ആരോപണം ഉയർന്നയുടൻ ഡിഐജിയും റൂറൽ എസ്പിയും സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗരുഢിൻ എസ്ഐയെ സസ്പെന്റ് ചെയ്തത്.
സംഭവത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വകുപ്പുതല അന്വേഷണം നടത്തണം. ദിവസങ്ങൾക്കു മുമ്പാണ് കണിയാപുരം സ്വദേശി അനസിന് നടുറോഡിൽ മർദ്ദനമേറ്റത്. ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടർന്ന് പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ മടിച്ചു. സംഭവം നടന്ന പ്രദേശത്തിന്റെ സ്റ്റേഷൻ അതിർത്തി സംബന്ധിച്ച് കഠിനംകുളം പോലീസും മംഗലപുരം പോലീസും പ്രശ്നം ഉന്നയിച്ചതോടെയാണ് കേസെടുക്കുന്നത് വൈകിയത്.
സംഭവം വാർത്തയായതോടെ മംഗലപുരം പോലീസ് കേസെടുത്തു. എന്നാൽ യുവാവിനെ മർദ്ദിച്ച ഫൈസലിനെ നിസാര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു. അനസിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നത്.
നിരവധി കേസുകളിൽ പ്രതിയാണ് യുവാവിനെ മർദ്ദിച്ച കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസൽ. മദ്യലഹരിയിലായിരുന്ന ഫൈസൽ അനസിനെ ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അനസിന് രണ്ട് പല്ലുകൾ നഷ്ടമായി. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനം ആരംഭിച്ചതെന്ന് അനസ് പറയുന്നു.
യുവാവിനെ മർദ്ദിച്ച ഗുണ്ടാനേതാവായ ഫൈസലിനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്നാണ് വിഷയത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടത്. കൈകൊണ്ട് അടിച്ചാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴിപ്രകാരമാണ് ആദ്യം കേസെടുത്തതെന്നുമാണ് മംഗലപുരം പോലീസ് നൽകിയ വിശദീകരണം. ലഹരി സംഘത്തിലെ കണ്ണിയാണ് പ്രതി ഫൈസൽ.
ലോക്ക് ഡൗൺ കാലത്ത് മീൻ പിടിക്കുകയായിരുന്ന നാട്ടുകാരെ ഓടിച്ച ശേഷം അവര് പിടിച്ച മീൻ വി തുളസീധരനും പോലീസുകാരും പങ്കിട്ടെടുത്തിരുന്നു.വിഷയത്തിൽ പരാതി ഉയര്ന്നതോടെ ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് വീണ്ടും മംഗലപുരം സ്റ്റേഷനിലേക്ക് തുളസീധരൻ മടങ്ങിയെത്തിയത്.