മനാമ> 42-ാമത് ഗള്ഫ് സഹകരണ കൗണ്സില് (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയില് നടക്കും. തലസ്ഥാനമായ റിയാദില് ഡിസംബര് എട്ടു മുതല് പത്ത്വരെയാണ് സമ്മേളനമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്ട്ട് ചെയ്തു.
സാമ്പത്തിക പ്രശ്നങ്ങളായിരിക്കും ഉച്ചകോടിയിലെ മുഖ്യ അജണ്ട. ഇതില് പ്രധാനമായും നിക്ഷേപത്തിന്റെയും വികസനത്തിന്റെയും മേഖലകളിലെ ‘തന്ത്രപരമായ പദ്ധതികള് ചര്ച്ചയാകും.
2025ഓടെ ജിസിസി രാജ്യങ്ങള്ക്കിടയില് സാമ്പത്തിക ഐക്യത്തിലെത്താനുള്ള പഠനങ്ങളും പദ്ധതികളും പൂര്ത്തിയാക്കുന്നതിനാണ് കഴിഞ്ഞ ജിസിസി ഉച്ചകോടി ലക്ഷ്യമിട്ടത്. ഈ വര്ഷം ജനുവരിയില് സൗദി നഗരമായ അല്ഉലയിലാണ് 41ാമത് ഗള്ഫ് ഉച്ചകോടി നടന്നത്. ഇത് ഖത്തറും സൗദി നേതൃത്വത്തിലുള്ള സംഘവും തമ്മിലുള്ള നീണ്ട തര്ക്കം അവസാനിപ്പിക്കുന്നതിന് വഴിവെച്ചു.സൗദി, യുഎഇ, കുവൈത്ത്, ഒമാന്, ബഹ്റൈന്, ഖത്തര് എന്നീ രാജ്യങ്ങള് ചേര്ന്നതാണ് ജിസിസി.