ന്യൂഡൽഹി
രാജ്യത്ത് ജനസംഖ്യാ വർധനയിൽ ഇതാദ്യമായി ഇടിവ് വന്നതായി അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്). പ്രത്യുൽപ്പാദനനിരക്ക് ആദ്യമായി രണ്ടു ശതമാനത്തിൽ താഴെയായി. 2015–-16 ല്‍ നാലാം സര്‍വേയില്‍ ഇത് 2.2 ആയിരുന്നു. പ്രത്യുൽപ്പാദന നിരക്ക് രണ്ടിൽ കുറയുമ്പോഴാണ് ജനസംഖ്യാ വർധന കുറയുന്നതായി കണക്കാക്കുക.
രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ സർവേയിൽ 1000 പുരുഷന്മാർക്ക് 991 സ്ത്രീകളായിരുന്നെങ്കിൽ പുതിയ സർവേയിൽ 1000 പുരുഷന്മാര്ക്ക് 1020 സ്ത്രീകൾ. പകുതിയിലേറെ സ്ത്രീകൾക്കും കുട്ടികൾക്കും വിളർച്ചയുള്ളതായും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ പ്രത്യുൽപ്പാദന നിരക്ക് 1.6 ൽനിന്ന് 1.8ഉം തമിഴ്നാട്ടിൽ 1.7ൽനിന്ന് 1.8ഉം ആയി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം നിരക്ക് കുറഞ്ഞു. ബിഹാർ, യുപി, ജാർഖണ്ഡ്, മേഘാലയ, മണിപ്പുർ സംസ്ഥാനങ്ങളിൽ മാത്രമാണ് രണ്ടിൽ കൂടുതൽ. ബിഹാറിൽ മൂന്നും യുപിയിൽ 2.4ഉം ജാർഖണ്ഡിൽ 2.3ഉം ആണ് പ്രത്യുൽപ്പാദന നിരക്ക്.