മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സംഘർഷം. പരീക്ഷാഭവൻ ജീവനക്കാരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പ്രവർത്തകരെ ജീവനക്കാർ പൂട്ടിയിട്ട് മർദിച്ചുവെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.
സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനിൽ എത്തിയത്. എന്നാൽ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാൾ വന്ന് ചോദ്യം ചെയ്തു. നിങ്ങളാരാണെന്ന് തിരിച്ചുചോദിച്ചപ്പോൾ അയാൾ മർദിക്കുകയായിരുന്നു. പിന്നാലെ ഓഫീസിനകത്തുള്ളവരും മർദിക്കാനെത്തി. പുറത്തേക്ക് പോകുന്നത് തടയാൻ കെട്ടിടത്തിന് പുറത്തേക്കുള്ള ഷട്ടർ അടച്ചു.പതിനഞ്ചോളം പേർ ചേർന്നാണ് മർദിച്ചതെന്നും മർദനത്തിനിരയായ വിദ്യാർഥി നേതാക്കൾ പറഞ്ഞു.
അമൽദേവ്, ബിൻദേവ്, ശ്രീലേഷ് എന്നിവരാണ് പരീക്ഷാഭവൻ ജീവനക്കാർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യംചെയ്തതിന് വിദ്യാർഥി നേതാക്കൾ പ്രശ്നമുണ്ടാക്കി എന്നാണ് ജീവനക്കാരുടെ പ്രതികരണം.
കയ്യാങ്കളിയിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.