ഷാഹിദയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ കസാക്കിസ്ഥാൻ യൂണിവേഴ്സിറ്റി എങ്ങനെ അറിഞ്ഞുവെന്നാണ് കോടതിയുടെ ചോദ്യം. യൂണിവേഴ്സിറ്റിയിലെ മലയാളി പ്രതിനിധി തന്നെ ശുപാർശ ചെയ്തുവെന്നാണ് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് അഭ്യർത്ഥിച്ചു.
ഷാഹിദയ്ക്ക് വിയറ്റ്നാം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ഉണ്ടെന്നാണ് നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. വിവരാവകാശ പ്രകാരം സാമൂഹിക നീതി വകുപ്പാണ് മറുപടി നൽകിയത്. എന്നാൽ ഇന്ന് ലോകായുക്തയ്ക്ക് നൽകിയ സത്യവാങ്മൂലത്തിൽ കസാക്കിസ്ഥാൻ ഓപ്പൺ സർവ്വകലാശാല ഷാഹിദയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഷാഹിദാ കമാലാണ് അറിയിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്കു മുന്നിൽ ഹാജരാക്കണം. വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്രവാദമാണ് ഷാഹിദ ഉയർത്തുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 2009, 2011 വർഷങ്ങളിൽ നൽകിയ വിദ്യാഭ്യാസ യോഗ്യതയിൽ പിഴവുണ്ടെന്ന് ഷാഹിദ സമ്മതിച്ചിരുന്നു. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നാണ് നൽകിയ രേഖ. എന്നാൽ 2016ൽ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നാണ് തനിക്ക് ഡിഗ്രി ലഭിച്ചതെന്നാണ് ഷാഹിദയുടെ വിശദീകരണം.
വട്ടപ്പാറ സ്വദേശി അഖില ഖാൻ നൽകിയ പരാതിയിലാണ് ഷാഹിദയ്ക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിച്ചെന്നാണ് പരാതി. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റും വ്യാജമാണെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യ അവകാശപ്പെട്ട് ഷാഹിദ സർക്കാരിനേയും ജനങ്ങളേയും പറ്റിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അഖില ഡിജിപിക്കും പരാതി നൽകിയിരുന്നു.