തിരുവനന്തപുരം: അവനെ കണ്ടിട്ട് വിട്ടുപോരുന്നതിൽ പ്രയാസമുണ്ട് -ചൊവ്വാഴ്ച വൈകീട്ട് അനുപമയുടെ ഈ വാക്കുകളിലുണ്ടായിരുന്നു അമ്മമനസ്സിന്റെ ദുഃഖം. കൃത്യം ഇരുപത്തിനാല് മണിക്കൂറിനു ശേഷം ആ അമ്മയ്ക്ക് കുഞ്ഞിനെ സ്വന്തമായിക്കിട്ടി. ഞാനിവനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നായിരുന്നു അപ്പോഴുള്ള മറുപടി.
കുഞ്ഞിന് കളിപ്പാട്ടങ്ങൾ വാങ്ങാൻ അനുപമയും സമരകൂട്ടാളികളായ മാഗ്ലിനും മിനിയുമാണ് പോയത്. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങി സുഹൃത്ത് അമൃതിന്റെ വീട്ടിൽ വെച്ചു. ഈ സമയത്താണ് വക്കീലിന്റെ വിളിയെത്തിയത്. ഉടനെ നിങ്ങൾ കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാൻ സന്നദ്ധമാണെന്ന കത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണിത്.
ഇതൊന്നുമറിയാതെ ഈ സമയം കുഞ്ഞോമന കുന്നുകുഴിയിലെ നിർമലഭവനിൽ ഉറക്കത്തിലായിരുന്നു. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ഭാരവാഹികൾ കുന്നുകുഴിയിലെത്തി അവനെ പുതിയ ഉടുപ്പിടീച്ച് ഒരുക്കി.
ശിശുക്ഷേമസമിതി ഭാരവാഹിയുടെ തോളിൽ കിടന്നുറങ്ങി അവൻ കോടതിയിലേക്ക്. ഇതേ സമയത്താണ് അവന്റെ അച്ഛനും അമ്മയും കോടതിയിൽ എത്തിയത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാനാണ് കോടതി അവരെ വിളിച്ചുവരുത്തിയത്. അവസാനം കേരളം കാത്തിരുന്ന കോടതി നടപടികൾ തുടങ്ങി.
കുഞ്ഞിനെ കൈമാറിയത് ജഡ്ജിയുടെ ചേംബറിൽ വെച്ച്
അനുപമയെയും അജിത്തിനെയും ജഡ്ജിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ജഡ്ജിയുടെ ചേംബറിൽ വെച്ച് ശിശുക്ഷേമസമിതി പ്രവർത്തകർ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. ഏറെ സന്തോഷത്തോടെ കുഞ്ഞോമനയെ അമ്മ ഏറ്റുവാങ്ങി, സ്നേഹചുംബനം നൽകി.
കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുപമയും അജിത്തും കുഞ്ഞുമായി കോടതിക്ക് പുറത്തെത്തി. അജിത്തിന്റെ സുഹൃത്തിന്റെ കാറിൽ അനുപമയും കുഞ്ഞും സാമൂഹികപ്രവർത്തക പി.ഇ. ഉഷയും സമരപ്പന്തലിലേക്ക്.
മഴയായതിനാലും വലിയ തിരക്കായതിനാലും അവർക്ക് സമരപ്പന്തലിൽ ഇറങ്ങാനായില്ല. എല്ലാവർക്കും നന്ദി, സമരം ഇനിയും തുടരും. ഞാൻ സമരപ്പന്തലിൽ അധികം നിൽക്കുന്നില്ലെന്ന് പറഞ്ഞ് അനുപമ മടങ്ങി. അമൃതിന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി പോയത്.
അവൻ ഇനി എയ്ഡൻ
കുഞ്ഞിന് എന്ത് പേരിടാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ അനുപമയുടെ മറുപടിയെത്തി -ഇനി അവൻ എയ്ഡൻ അനു അജിത്ത് എന്ന പേരിലാവും അറിയപ്പെടുക. എയ്ഡൻ എന്നാൽ തീപ്പൊരി എന്നാണ് അർഥം. ഐറിഷ് പുരാണങ്ങളിൽനിന്നുമാണ് എയ്ഡൻ എന്ന പേരു വന്നത്.
എപ്പോൾ വന്നാലും കുഞ്ഞിനെ കാണാം -അനുപമ
തിരുവനന്തപുരം: മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാർക്ക് നന്ദിയറിയിച്ച് അനുപമ. കുഞ്ഞിനെ ദത്തെടുത്ത അവർക്ക് നീതികിട്ടണം. അവർ എപ്പോൾ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെപേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുത്. അങ്ങോട്ടുപോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ട് -അനുപമ പറഞ്ഞു.
ഒറ്റയ്ക്കല്ല, കൂടെയുണ്ട് ഞങ്ങൾ
തിരുവനന്തപുരം: കേരളം ശ്രദ്ധിച്ച സമരത്തിന് അനുപമയ്ക്ക് പിന്തുണമായി വന്നവർ പലരുമുണ്ട്. നിയമസഭയിൽ പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ ഏറെ പരിശ്രമിച്ചത് കെ.കെ. രമ എം.എൽ.എ.യാണ്. അനധികൃത ദത്ത് കേസ് സംബന്ധിച്ച കാര്യങ്ങൾ പ്രതിപക്ഷ നേതാവ് നിയമസഭയിൽ അവതരിപ്പിച്ചതിനുപിന്നിൽ രമയുടെ ഇടപെടലാണ്. അനുപമ പറഞ്ഞതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവളുടെ വീട്ടിൽപ്പോയി. അന്നുമുതൽ ഞാൻ അവളോടൊപ്പമുണ്ട്. ഒരുദിവസം അവൾ എന്നെ വിളിച്ച് സഹായം അഭ്യർഥിച്ചപ്പോൾ വളരെ സങ്കടം തോന്നി- ചേച്ചി എനിക്ക് മാനസികമായ പിന്തുണവേണം, ആരും സഹായിക്കാനില്ല. പലരിൽനിന്ന് ഭീഷണി. ഞാൻ എല്ലാ വാതിലും മുട്ടിയിട്ടും ഒന്നുമുണ്ടായില്ല- അവൾ അന്ന് എന്നെ വിളിച്ച് പറഞ്ഞത് ഞാൻ ഇപ്പോഴുമോർക്കുന്നു- രമ പറഞ്ഞു.
അവസാനം ചൊവ്വാഴ്ച കുഞ്ഞിനെ കാണാൻ അവസരമുണ്ടാക്കി തരണമെന്ന് അവൾ പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജുമായി സംസാരിച്ച് അതും ശരിയാക്കി കൊടുത്തെന്ന് രമ വ്യക്തമാക്കി.
അനുപമയ്ക്കുവേണ്ടി മാത്രമല്ല, ശിശുക്ഷേമസമിതിയെ സുതാര്യമാക്കാനുമാണീ സമരം- സമരത്തിന്റെ പ്രധാന മുഖമായിരുന്ന മിനി എസ്. പറഞ്ഞു. അനുപമ-അജിത്ത് ഐക്യദാർഢ്യസമിതിയുടെ കൺവീനർ സാമൂഹിക പ്രവർത്തക പി.ഇ. ഉഷയാണ്. തളരാതെ അനുപമയ്ക്കൊപ്പം നിൽക്കാൻ ഒരു നിരതന്നെയുണ്ട്. മിനി മോഹൻ, ശ്രീജ നെയ്യാറ്റിൻകര, മാഗ്ലിൻ ഫിലോമിന, മുംതാസ് ബീഗം എന്നിവരാണവർ. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ജ്യോതി രാധിക വിജയകുമാർ, വീണ എസ്. നായർ എന്നിവർ സമരപ്പന്തലിൽ പിന്തുണയുമായി പല ദിവസങ്ങളിൽ എത്തിയിരുന്നു.
വീഴ്ചകൾ അക്കമിട്ട് അന്വേഷണറിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകുന്നതിൽ വരുത്തിയ പ്രധാന വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. പ്രധാന നിരീക്ഷണങ്ങൾ:
1. അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്താൻ ശിശുക്ഷേമസമിതി തുടർ നടപടികളിലേക്ക് കടന്നു
2. ഏപ്രിൽ 22-ന് അനുപമയുമായി ഓൺലൈൻ സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സി.ഡബ്ല്യു.സി. ഇടപെട്ടില്ല
3. സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും പേരൂർക്കട പോലീസിനെ വിവരം അറിയിച്ചില്ല
4. തിരക്കിട്ട് ദത്ത് നടപടികൾ പൂർത്തിയാക്കാൻ ശിശുക്ഷേമ സമിതിയും സി.ഡബ്ല്യു.സിയും ശ്രമിച്ചു
5. ശിശുക്ഷേമ സമിതിയിൽ രണ്ടുകുട്ടികൾ ഉണ്ടായിട്ടും പരാതി നിലനിൽക്കെ അനുപമയുടെ കുഞ്ഞിനെ ദത്തുനൽകി
6. അമ്മത്തൊട്ടിലിൽ ലഭിച്ചത് ആൺകുഞ്ഞായിട്ടും പെൺകുഞ്ഞാണെന്ന് വരുത്താൻ ശ്രമിച്ചു
7. ആൺകുഞ്ഞിന് മലാല എന്ന് പേര് നൽകി
8. രേഖകൾ നശിപ്പിക്കുന്നതിനായി ശിശുക്ഷേമ സമിതിയിലെ രജിസ്റ്ററിൽ ഒരുഭാഗം ചുരണ്ടി മാറ്റി
9. ദത്തുകേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന കുട്ടികളുടെ സീനിയോറിറ്റി മറികടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയത്
10. ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ അന്വേഷിക്കാനോ, ഡി.എൻ.എ. പരിശോധനയ്ക്കോ സി.ഡബ്ല്യു.സി. തയ്യാറായില്ല