ആലുവ: നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന്മൊഫിയയുടെ മാതാവ് ഫാരിസ. ഡിവൈഎഫ്ഐ നേതാവിനേയും കൂട്ടിയാണ് മൊഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയിരുന്നതെന്നും അവർ പറഞ്ഞു.
ഡിവൈഎഫ്ഐയുടെ ഒരു നേതാവ് അവർക്കൊപ്പമുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞിരുന്നു. അതാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മൊഫിയയെ അവർ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവർനിരന്തരം പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടർ പറഞ്ഞത് ഭർത്താവിനാണ് കൗൺസിലിങ് നൽകേണ്ടതെന്നാണ്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. അവസാനം വരെ നല്ലരീതിയിൽ വരുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാൽ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്.
ഒരുപാട് സ്വപ്നങ്ങൾ ഉള്ളവാളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെൻഷൻ കൊണ്ടും കാര്യമില്ല. ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം -മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ മൊഫിയയുടെ മാതാവ് ആവശ്യപ്പെട്ടു.
മൊഫയയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് ചൊവ്വാഴ്ച അർധരാത്രി കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യക്കുറിപ്പിൽ ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സി.ഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന മൊഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.