തിരുവനന്തപുരം > റോഡുകള്‍ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയുന്നത് ഗുണകരമാണെന്ന് നടന് ഇന്ദ്രന്‍സ്. പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി പിരീഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളില്‍ കുഴി ഉണ്ടായാല്‍ പരിഹരിക്കാൻ ആരെ വിളിക്കണമെന്ന് ഇനി ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്നത് വലിയ കാര്യമാണ്. ജനങ്ങള്‍ക്ക് വേണ്ടത് നല്ല വഴിയാണ്. അതിന് എന്തു ചെയ്യണം എന്നതിന് ജനങ്ങള്‍ക്കുള്ള ഉത്തരമാണ് ഡിഎല്‍പി പിരീഡ് പ്രസിദ്ധപ്പെടുത്തല്‍. ഇത് വലിയ മാറ്റം ഉണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവ റാവു, ചീഫ് എൻജിനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിലാണ് ഡിഎൽപി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ 2515 പ്രവൃത്തികളുടെ ഡിഎല്‍പി വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിരത്ത് വിഭാഗം, ബില്‍ഡിങ് വിഭാഗം, പാലങ്ങള്‍, പൊതുമരാമത്ത് വകുപ്പിന് കീഴിലെ ദേശീയ പാത വിഭാഗം, കെആര്‍എഫ്ബി, റിക്ക്, കെഎസ്ടിപി എന്നിവയിലെ പദ്ധതികളാണ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
ഡിഫക്റ്റ് ലയബിലിറ്റി പിരീഡിലുള്ള പ്രവൃത്തികൾ, കരാറുകാരൻ, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതപ്പെട്ട ഉദ്യോഗസ്ഥർ, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ എന്നിവ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഡിഎല്‍പി പിരീഡിലുള്ള പ്രവൃത്തികളില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടാല്‍ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങള്‍ക്ക് വിവരം അറിയിക്കാന്‍ കഴിയും. പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമാണ് പദ്ധതി.