സർക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ് കൊവിഡ് മുൻനിര പോരാളികളായിരുന്ന ആരോഗ്യ പ്രവർത്തകർ. കേന്ദ്ര സർക്കാരിന്റെ ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ താൽക്കാലിക നിയമനത്തിലാണ് ജോലിയിൽ പ്രവേശിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഇവരെ കൂട്ടമായി പിരിച്ചുവിട്ടു.
കൂട്ടപ്പിരിച്ചുവിടൽ ജീവനക്കാരെ മാനസികമായി തളർത്തി. പലർക്കും ഉപജീവനമാർഗ്ഗം നഷ്ടമായി — പിരിച്ചുവിട്ടവർ പറയുന്നു.
നവംബർ 19-ന് കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്ന് പിരിച്ചുവിട്ട ആരോഗ്യപ്രവർത്തകർ കോഴിക്കോട് മാനഞ്ചിറയിൽ ധർണ്ണ സംഘടിപ്പിച്ചു. പി.എസ്.സി, എൻ.എച്ച്.എം, എച്ച.ഡി.എസ്, എംപ്ലോയ്മെന്റ്, എച്ച്.എം.സി എന്നിവയിലെ നിയമനങ്ങളിൽ കൊവിഡ് ബ്രിഗേഡിന് മുൻഗണന നൽകുക, പ്രായമായവരെ പെട്ടെന്ന് പരിഗണിക്കുക, പി.എസ്.സിയിൽ 30 ശതമാനം ഗ്രേസ് മാർക്ക് നൽകുക, റിസ്ക് അലവൻസ്, ഇൻസെന്റീവ്സ് എന്നീ കുടിശിഖകൾ ഒറ്റത്തവണ തീർപ്പാക്കുക, കേരള സർക്കാരിന്റെ ആരോഗ്യ പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിൽ കൊവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ആരോഗ്യ പ്രവർത്തകർക്കുള്ളത്.
‘സർക്കാർ കണ്ണ് തുറക്കണം’
”ആശുപത്രികളിൽ കയറുന്നതിന് മുമ്പ് ഒരു ദിവസത്തെ വേതനം 858 രൂപ എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഒരു മാസത്തെ സാലറി ലഭിച്ചപ്പോഴാണ് അറിയുന്നത്, 450 രൂപ കേന്ദ്ര സർക്കാർ നൽകുന്ന വേതനവും 408 രൂപ കേരള സർക്കാർ നൽകുന്ന റിസ്ക് അലവൻസ് ആണെന്നുമുള്ളത്. പക്ഷേ ആദ്യമൊക്കെ 858 രൂപ കിട്ടിയിരുന്നെങ്കിലും പിന്നീട് അത് നിർത്തലാക്കി. എന്നിരുന്നാലും 450 രൂപ ദിവസവും കിട്ടിയിരുന്നതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ജോലി ചെയ്തിരുന്നു. റിസ്ക് അലവൻസ് പിന്നീട് കിട്ടും എന്ന് കരുതിയിരുന്നു. ഇപ്പോൾ ആറ് മാസത്തോളമായി 408 രൂപ ഞങ്ങൾക്ക് കിട്ടുന്നില്ല. ഒക്ടോബർ 31നാണ് ജോലിയിൽ നിന്ന് എന്നെ പിരിച്ചു വിടുന്നത്. ഒരു മാസമാകാറായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരായിരുന്നു കൊവിഡ് വാർഡിലും ആശുപത്രി കോമ്പൗണ്ടിലും ജോലി ചെയ്തിരുന്നത്,” — കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ നൗഫൽ സി.കെ
സമയം പ്ലസിനോട് പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജന്റെ ഓഫീസിലും അതുപോലെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉൾപ്പെടെ നിരവധി മന്ത്രിമാരെയും കണ്ട് പരാതി കൊടുത്തു. കൂടാതെ കോഴിക്കോട് ജില്ലാ കളക്ടർ, എൻ.എച്ച്.എം സിവിൽ സ്റ്റേഷൻ ഓഫീസർ എന്നിങ്ങനെ സാധ്യമാകുന്ന എല്ലായിടത്തും നിവേദനം സമർപ്പിച്ചിരുന്നു. സർക്കാരിന്റെ തോളോടുതോൾ ചേർന്നാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ആനുകൂല്യങ്ങൾ മറ്റാർക്കും നൽകിയില്ലെങ്കിലും ഞങ്ങൾക്ക് നൽകേണ്ടതാണ്. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത റേഷൻകട ഉടകൾക്ക് കമ്മീഷൻ നൽകുമെന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് വാക്ക് മാറ്റി. സേവനമായി കണക്കാക്കാനാണ് അവർക്ക് നൽകിയിരുന്ന നിർദേശം. ഇനി ഞങ്ങളോടും അങ്ങനെ പറയുമോ എന്നാണ് ഭയക്കുന്നത്. എന്നാലും സർക്കാർ ഞങ്ങളെ കൈവിടില്ലെന്നാണ് പ്രതീക്ഷ. — നൗഫൽ സി.കെ കൂട്ടിച്ചേർത്തു.
ഒക്ടോബർ ആറ്, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പിരിച്ചുവിടൽ നടന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള ഫണ്ട് നിർത്തലാക്കിയെന്നും ഇത്രയും ആരോഗ്യപ്രവർത്തകർക്ക് ശമ്പളം നൽകാൻ കേരളത്തിന് കഴിയില്ലെന്നുമാണ് പിരിച്ചുവിടലിന് കാരണമായി അധികൃതർ പറയുന്നത്. — കോഴിക്കോട് സ്വദേശിയായ ഷേർഷാ എൻ പറയുന്നത്.
മറ്റൊരു ജോലിക്ക് പോകാൻ കഴിയുന്നില്ല
മറ്റൊരു കാര്യം എക്സ്പീരീയൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നതാണ്. എവിടെയെങ്കിലും ജോലിക്ക് പോകണമെന്നുണ്ടെങ്കിൽ എല്ലാവരും ആദ്യം ചോദിക്കുന്നത് മുൻപരിചയം ഉണ്ടോ എന്നാണെന്നും ഇപ്പോൾ ആരോഗ്യ മേഖലയിൽ ജോലികിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്നും ഷേർഷാ പറഞ്ഞു.
“കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇന്റർവ്യൂവിന് പോയപ്പോൾ അവർ മുൻപരിചയം ചോദിച്ചിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് കട്ടിയിട്ടില്ലെന്നും വൈകുമെന്നും പറഞ്ഞപ്പോൾ അത് പറ്റില്ലെന്നാണ് ബീച്ച് ആശുപത്രിയിൽ നിന്ന് ലഭിച്ച മറുപടി. ജോലിക്ക് കയറമെങ്കിൽ സർട്ടിഫിക്കറ്റ് കൂടിയേ തീരൂ എന്ന് മെഡിക്കൽ കോളേജ് അധികൃതരെ അറിയിച്ചപ്പോൾ അവർ പറഞ്ഞത്, ‘ നിങ്ങൾ ഇല്ലായിരുന്നെങ്കിലും ഇവിടെ ജോലികൾ നടക്കുമായിരുന്നു’ എന്നാണ്. പക്ഷെ ഞങ്ങൾക്ക് അറിയാം തുടക്കത്തിൽ കൊവിഡ് ഡ്യൂട്ടി ചെയ്യാനൊന്നും ആരും ഉണ്ടായിരുന്നില്ല. വളരെ റിക്സ് എടുത്താണ് ഞാനൊക്കെ ജോലി ചെയ്തിരുന്നത്. അപ്പോൾ ആ ഒരു പരിഗണന കാണിക്കാനെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകണം.” — അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനായി മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ഓരോ ഒഴിവുകഴിവുകളാണ് അവർ തങ്ങളോട് പറഞ്ഞതെന്ന് നൗഫൽ പറയുന്നു. ഒന്നുകിൽ ഉത്തരവാദിത്തപ്പെട്ട ആളില്ല എന്ന് പറയും, അല്ലെങ്കിൽ സൂപ്രണ്ട് ഇല്ല എന്ന് പറയും. ഇനി രണ്ട് പേരും ഉണ്ടെങ്കിൽ പ്രിന്റർ കേടാണെന്ന് പറയും. ക്ലീനിങ് സ്റ്റാഫ് മുതൽ നഴ്സുമാർ വരെ എല്ലാവരും ഒറ്റക്കെട്ടായാണ് കൊവിഡ് രോഗികൾക്ക് വേണ്ടി പോരാടിയിരുന്നത്. ആ ഒരു പരിഗണന അവർ നൽകുന്നില്ല. — നൗഫൽ അഭിപ്രായപ്പെട്ടു.
നിലവിലെ അവസ്ഥ
നവംബർ ആദ്യവാരം 30 പേരെ പുതുതായി ജോലിക്ക് നിയമിച്ചിട്ടുണ്ട്. അതേ കുറിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ എംപ്ലോയ്മെന്റ് വഴി നടത്തിയ ഇന്റർവ്യൂവിൽ നിന്ന് തെരഞ്ഞെടുത്തവരാണ് എന്നാണ് അറിയാൻ സാധിച്ചത്. കൊവിഡ് ബ്രിഗേഡുകളെ അടുത്തൊന്നും ജോലിക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഞങ്ങൾക്ക് മനസിലായത്. അതുകൊണ്ട് ഈ ലിസ്റ്റ് റദ്ദാക്കിയിട്ട് കൊവിഡ് സമയത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി സ്വമേധയാ രംഗത്ത് വന്ന ആളുകളെ തെരഞ്ഞെടുക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. — നൗഫൽ ചൂണ്ടിക്കാട്ടി.
“ആരോഗ്യപ്രവർത്തകരിൽ 90 ശതമാനവും സ്ത്രീകളാണ്. പലരും ഭർത്താക്കന്മാർ ഇല്ലാത്തവരും ചിലർ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നവരുമാണ്. കൂടാതെ വീട്ടുവാടക കൊടുക്കാൻ കഴിയാത്തവരും അക്കൂട്ടത്തിലുണ്ട്. അത്തരം സാധാരക്കാരിൽ സാധാരണക്കാരയ ജനങ്ങൾക്ക് മുടങ്ങിയ ആനുകൂല്യങ്ങൾ കിട്ടിയാൽ വലിയ ഉപകാരമായിരിക്കും. ജനങ്ങളുടെ സങ്കടം കാണാൻ ശ്രമിക്കുന്ന സർക്കാർ തീർച്ചയായും കൊവിഡ് ബ്രിഗേഡുകളെ കൈവിടില്ലെന്നാണ് പ്രതീക്ഷ” — അദ്ദേഹം പറഞ്ഞു.
പ്രതിഷേധവും പ്രതികരണങ്ങളും
സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. തുടർന്നാണ് കോഴിക്കോട് മാനാഞ്ചിറയിൽ ധർണ്ണ നടത്തിയത്. കണ്ണ് മൂടിക്കെട്ടി മാസ്ക് ധരിച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ധർണ്ണ. ജനങ്ങളും പോലീസും തങ്ങൾക്ക് അനുകൂലമാണെന്നും ആരോഗ്യ പ്രവർത്തകരായ നൗഫലും ഷേർഷാനും വ്യക്തമാക്കി. മാത്രമല്ല നമ്മുടെ ആവശ്യം നമ്മൾ ചൂണ്ടിക്കാണിച്ചാലേ അധികൃതർ ശ്രദ്ധിക്കുള്ളൂ എന്നും അഭിപ്രായമുയർന്നിരുന്നു.
അതേസമയം, സർക്കാരിൽ നിന്ന് ഇനിയും പ്രതികരണങ്ങൾ വന്നില്ലെങ്കിൽ അധികൃതരുടെ കണ്ണ് തുറക്കണമെന്ന് വീണ്ടും ആവശ്യപ്പെടാനാണ് ആരോഗ്യ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിലരൊന്നും പ്രതിഷേധങ്ങൾക്ക് ഇറങ്ങാൻ തയ്യാറാകുന്നില്ല. അതിനർത്ഥം അവർക്ക് ആനുകൂല്യങ്ങൾ വേണ്ട എന്നല്ല. പലരും പ്രായമായ സ്ത്രീകളാണ്, ചിലർ പ്രാരാബ്ധങ്ങൾ കാരണം ഇതിനകം തന്നെ മറ്റ് ജോലികൾ തേടി പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവഗണനകൾക്ക് ഇരയായി മാറിയിരിക്കുന്ന സംസ്ഥാനത്തെ മൊത്തം ആരോഗ്യ പ്രവർത്തകർക്കും വേണ്ടി കൂട്ടായ തീരുമാനത്തിലൂടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും എന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
“കൊവിഡ് പോരാളികളെ തെരുവിലേക്ക് ഇറക്കരുത്. സർക്കാരിന്റെ പ്രതിച്ഛായക്ക് ഭംഗം വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങൾക്ക് വേറെ വഴിയില്ല. ഇനിയും പ്രതിഷേധിക്കേണ്ട അവസ്ഥ ഉണ്ടായാൽ അങ്ങനെ ചെയ്യും.” — ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് സർക്കാരിന് എതിരായിട്ടല്ല മറിച്ച് ഞങ്ങൾക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് വേണ്ടിണ്. അതിനായി കേന്ദ്ര സർക്കാർ ഫണ്ട് പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു.
ഭയത്തിന്റേയും അവഗണനയുടെയും ഒന്നരവർഷം
ക്ലീനിംഗ് സ്റ്റാഫായാണ് നൗഫൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിക്ക് ചേർന്നതെങ്കിലും ഡെത്ത് കെയർ ഡ്യൂട്ടി അടക്കം പല തസ്തികകളിലും ജോലിചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിലൊന്നും ഒരു സങ്കടമോ മടുപ്പോ ഉണ്ടായിരുന്നില്ലെന്നും വൈറസിൽ നിന്ന് മുക്തരായി രോഗികൾ തിരിച്ചുപോകുന്നത് കാണാനാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഡെത്ത് കെയർ ഡ്യൂട്ടിയിലുള്ള ജീവനക്കാർ 24 മണിക്കൂറും ഉണ്ടായിരിക്കണമെന്നായിരുന്നു നിർദേശം. മൃതശരീരം വൃത്തിയാക്കി പാക്ക് ചെയ്ത് മോർച്ചറിയിലെത്തിച്ചിരുന്നു. എന്നാൽ ഭക്ഷണവും തമസസൗകര്യങ്ങളും ഇല്ലാതിരുന്നത് പല ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പലരും വാടകക്ക് വീടെടുത്തും മറ്റുമായിരുന്നു താമസിച്ചിരുന്നത്. പുറത്ത് പോയി ഭക്ഷണം ചോദിച്ചാൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വരുകയാണെന്ന് ആരോപിച്ച് ഭക്ഷണം നൽകിയിരുന്നില്ല. ശമ്പളത്തുക പലർക്കും മതിയായിരുന്നില്ല എന്ന പരാതികളും ഉണ്ടായിട്ടുണ്ട്. വീട്ടിൽ നിന്ന് എല്ലാ ദിവസവും ജോലിക്ക് വന്നിരുന്നവരുടെ അവസ്ഥ അതിലും മോശമായിരുന്നു. അയൽവാസികളും വീട്ടുകാരും ഭയക്കുകയും മോശം വർത്തമാനങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. പല വീട്ടുകാരും വീട്ടിൽ നിന്ന് മാറി നിന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.” — നൗഫൽ പറഞ്ഞു.
ഷേർഷാന്റെ അവസ്ഥയും സമാനമായിരുന്നു. മൾട്ടിപർപ്പസ് എന്ന രീതിയിലാണ് പലരും ആശുപത്രിയിൽ ജോലി ചെയ്തിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഡാറ്റാ എൻട്രി പോസ്റ്റിലേക്ക് വന്ന പലരും അസിസ്റ്റന്റ് നഴ്സിംഗ് ജോലി വരെ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താനും അത്തരത്തിൽ അസിസ്റ്റന്റായാണ് ജോലി ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
****